പുറത്ത് വരുന്നത് പലതും പെയ്ഡ് സർവേകൾ, യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ
text_fieldsകാസര്‍കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവരുന്ന സർവേകൾ വെറും തട്ടിക്കൂട്ട് പരിപാടികളാണെന്നും പെയ്ഡ് സർവേകളെ അപ്രസക്തമാക്കി യു.ഡി.എഫ് നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ സർവേ പ്രവചനങ്ങളെ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. നിലവിൽ പുറത്തുവരുന്ന സർവേകൾ കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സി.പി.എം അക്രമവുമായി ഇറങ്ങിയിരിക്കുകയാണ്. ശശി തരൂരിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് അദ്ദേഹത്തിന്റെ ഗണ്‍മാനെ കയ്യേറ്റം ചെയ്തു. തോല്‍വി മുന്നില്‍ക്കണ്ട് കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി യു.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയാണ്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീവ്രവാദ സംഘടനയെന്നു പ്രഖ്യാപിച്ചവരുമായി ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കാപട്യമെ നിന്റെ പേരാണോ പിണറായി വിജയന്‍ എന്ന് ചോദിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം പോലും കാറ്റില്‍ പറത്തിയിരിക്കുകയാണ്. പിന്നെ എന്ത് പാര്‍ട്ട് കോണ്‍ഗ്രസാണ്? എന്ത് പാര്‍ട്ടിയാണ്? അഖിലേന്ത്യാ കമ്മിറ്റിയൊക്കെ താഴെയാണെന്ന നിലയിലാണ്.
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലും ബിഷപ്പുമാരുടെ അടുത്തും പോകുന്ന ബി.ജെ.പിയാണ് എഫ്.സി.ആര്‍.എ ഭേദഗതിയുമായി വന്നിരിക്കുന്നത്. ആരാധനാലയങ്ങള്‍ ഉള്‍പ്പെട എല്ലാം ഏറ്റെടുക്കാന്‍ സാധിക്കുന്ന അപകടകരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.സി.ആര്‍.എ ബില്ലാണ് പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിക്കുമെന്ന് കാണ്ടാണ് തല്‍ക്കാലം മാറ്റി വച്ചത്. എപ്പോഴായാലും അതും ചര്‍ച്ച് ബില്ലും വരുമെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫിന് പിന്തുണ നൽകുമ്പോൾ മാത്രമെങ്ങനെയാണ് വെൽഫെയർ പാർട്ടി വർഗീയവാദികളാകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അത് യു.ഡി.എഫ് മാറ്റിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ വെറുതെ അവര്‍ വര്‍ഗീയവാദികളാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആ ലേഖനത്തില്‍ എഴുതിവച്ചിരിക്കുന്നത്. എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അതുകൊണ്ടാണല്ലോ സംവാദത്തിന് വരാത്തത്. സംവാദത്തിന് വന്നു നോക്ക്. അപ്പോള്‍ എല്ലാത്തിനും മറുപടി പറഞ്ഞു തരാം. രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ചിട്ട് പയ്യന്നൂരില്‍ എം.എല്‍.എയുടെയും ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ അടിച്ചു മാറ്റി. അഭിമന്യൂവിന്റെ പേരില്‍ ഫണ്ടുണ്ടാക്കി അതും അടിച്ചു മാറ്റി. തിരുവനന്തപുരത്ത് വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് അടിച്ചു മാറ്റിയ ആളിന് ട്രിപ്പില്‍ പ്രമോഷന്‍ നല്‍കി. പയ്യന്നൂരില്‍ ചോദ്യം ചെയ്തയാളെ പുറത്താക്കി. കട്ടവനെ ഉള്ളില്‍ വച്ചു. ഇതാണ് സി.പി.എം. അഭിമന്യുവിനെ എസ്.ഡി.പി.ഐ കൊന്നെന്നാണ് ദേശാഭിമാനിയും കൈരളിയും പറഞ്ഞത്. 'നാന്‍ പെറ്റ മകനെ, എന്‍ രാസാവെ' എന്നുള്ള ഒരു അമ്മയുടെ ചങ്കുപൊട്ടുന്ന നിലവിളിയുണ്ട്. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുന്നതിന് മുന്‍പ് ആ അമ്മയോട് സി.പി.എമ്മും പിണറായി വിജയനും മാപ്പ് പറയണമെന്നും സതീശൻ മാധ‍്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

