മണിയൻ പിള്ള രാജു പ്രതിയായ അപകടം: പൊലീസ് വീഴ്ച അന്വേഷിക്കും; വൈദ്യപരിശോധനാ ഫലം രണ്ടു ദിവസത്തിനകം
text_fieldsതിരുവനന്തപുരം: ചലച്ചിത്ര താരം മണിയൻ പിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചയും അന്വേഷിക്കുന്നു. വ്യാഴാഴ്ച രാത്രിയിൽ നടന്ന അപകടത്തിനു പിന്നാലെ, നിർത്താതെ പോയ വാഹനം കണ്ടെത്താനും, വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുക്കാനും മ്യൂസിയം പൊലീസ് അലംഭാവം കാണിച്ചോ എന്ന് പരിശോധിക്കും. ഡി.സി.പി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന വിവരം ലഭിച്ചത് മുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധനയിൽ വരും. സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, അപകടം നടക്കുമ്പോൾ വാഹനം ഓടിച്ച മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്നറിയാൻ വൈദ്യപരിശോധനാ ഫലം പുറത്തു വരണം. രണ്ടു ദിവസം കൂടി കഴിഞ്ഞു മാത്രമേ പരിശോധനാ ഫലം ലഭിക്കൂ. അപകടം നടക്കുമ്പോൾ മദ്യപിച്ചിട്ടില്ലെന്നാണ് നടന്റെ വാദം. അസുഖം വന്നത് മുതൽ, 2024ന് ശേഷം മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിൽ ട്രിവാൻഡ്രം ക്ലബിന് മുന്നിൽ പ്രധാന പാതയിലേക്ക് തിരിഞ്ഞ വാഹനം, ഇരു ചക്രവാഹനത്തിൽ ഇടിച്ചിട്ടും നിർത്താതെ പോയത് ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. പരിക്കേറ്റവരെ നോക്കാനോ, ആശുപത്രിയിലെത്തിക്കാനോ തയ്യാറാവാത്തതിൽ നടനെതിരെ വലിയ വിമർശനമാണുയർന്നത്.
എന്നാൽ, അപകടം നടന്ന സമയത്ത് വെപ്രാളത്തിയാലതു കാരണം വേഗത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് മണിയൻ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്.
കാർ ഓടിച്ചത് രാജുവാണെന്ന് പൊലീസ് നേരത്തെ അറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്നാണ് ആരോപണം. അർധരാത്രിയിൽ നടന്ന അപകടത്തിനു ശേഷം, വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് രാജു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാവുന്നത്. അപകടം സംഭവിച്ച് 12 മണിക്കൂറിന് ശേഷമാണ് വൈദ്യ പരിശോധന നടത്തിയതെന്നും ആരോപണമുയർന്നു. ഇത് പരിശോധനാ ഫലത്തെയും സ്വാധീനിച്ചേക്കും.
അപകടം നടന്ന കാർ ടെന്നീസ് ക്ലബിനു സമീപത്തുവെച്ചാണ് കണ്ടെത്തിയത്. മുൻഭാഗം മുഴുവൻ തകർന്ന നിലയിലായിരുന്നു.
ഭാര്യ വീട്ടിൽ തനിച്ചായതിനാലാണ് വാഹനാപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകടം നടന്നയുടൻ താൻ ഭയന്നുപോയി. വാഹനം ഓഫ് ആകുമോയെന്ന് ഭയമുണ്ടായിരുന്നു. അതിനാലാണ് നിർത്താതെ പോയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച് പറഞ്ഞിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

