പ്രകോപിതനായി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ
text_fieldsനേമം: പ്രകോപിതനായി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കരമന നെടുങ്കാട് സോമൻനഗർ തുണ്ടുവിള വീട്ടിൽ വിക്രമൻ (68) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്കായിരുന്നു സംഭവം. നെടുങ്കാട് തീമങ്കരി സ്വദേശിയും പേരൂർക്കടയിൽ താമസിച്ചുവരുന്നയാളുമായ ബോസ് (46) ആണ് മരിച്ചത്.
സംഭവദിവസം വിക്രമൻ തന്‍റെ കടയിലെത്തിയ സുഹൃത്ത് ബോസുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈവശമുണ്ടായിരുന്ന പണിയായുധം ഉപയോഗിച്ച് ബോസിൻറെ നെഞ്ചിൽ കുത്തുകയായിരുന്നു. ശരീരത്തിൽ നാലുതവണ കുത്തേറ്റ ബോസിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് മരിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് വിക്രമനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പ് ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കരമന സി.ഐ അനീഷ്, എസ്.ഐമാരായ സുധി, ശാന്തു, സത്യപാലൻ, അശോക കുമാർ, ബൈജു, സി.പി.ഒമാരായ ഷിബു, ഉണ്ണികൃഷ്ണൻ, ഹരീഷ്ലാൽ, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് വിക്രമനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബോസിൻറെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പിതാവ്: കെ. കുട്ടപ്പൻ, മാതാവ്: ശോശാമ്മ. സഹോദരങ്ങൾ: കെ. പ്രസാദ്, എസ്. സുചിത്ര, വിർജിൻ ബിന്ദു, വിൽസൺ.