സൈബർ സുരക്ഷക്ക് വിദ്യാർഥികൾ ശബ്ദമുയർത്തണം -മമ്മൂട്ടി
text_fieldsഎറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊലീസിന്റെ സൈബർ സുരക്ഷ പദ്ധതി ‘ക്ലിക്ക്’ ഉദ്ഘാടനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പദ്ധതിയുടെ ക്യാപ്റ്റൻ നടൻ മമ്മൂട്ടിയുമായി സൗഹൃദ സംഭാഷണത്തിൽ -രതീഷ് ഭാസ്കർ
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ തടയാനും സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാനും വിദ്യാർഥികൾ ശബ്ദമുയർത്തണമെന്ന് നടൻ മമ്മൂട്ടി. വിദ്യാർഥികൾക്ക് മാത്രമേ എല്ലാറ്റിലും മാറ്റം വരുത്താൻ കഴിയൂ. അവരാണ് നാളത്തെ രാജ്യവും പൗരൻമാരും തലമുറയുമായി മാറേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ആഭ്യന്ത വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് നടപ്പാക്കുന്ന ക്ലിക്ക് (കമ്യൂണിറ്റി ലെഡ് ഇനീഷ്യേറ്റിവ് ഫോർ സൈബർ റെസിലിയന്റ് കേരളം) പദ്ധതി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
ആറ്റം ബോംബ് ലോകത്തിന്റെ നന്മക്കും മനുഷ്യനെ നശിപ്പിക്കാനും കഴിയുന്ന കണ്ടുപിടിത്തമായിരുന്നു. അതുപോലെയാണ് ഇന്റർനെറ്റും. അത് ഉപയോഗിക്കുന്നവരുടെ മനസ്സ് പോലെ ഇരിക്കും. നമ്മൾ ദിവസവും രണ്ടര മണിക്കൂറെങ്കിലും ഇന്റർനെറ്റിലായിരിക്കും. വെറുതെ നടന്നാൽ പോലും ഇന്റർനെറ്റിലാണ്. ശുചിമുറി സൗകര്യം ഒഴികെ ബാക്കിയെല്ലാം മൊബൈൽ ഫോണിൽ ലഭ്യമാകുന്ന കാലമാണിത്. ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുത്യാണ് ‘ക്ലിക്ക്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മൊബൈലിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിന്റെ നൂറിലൊന്ന് പോലും നമ്മൾ ഉപയോഗിക്കുന്നില്ല. എന്നാൽ, പലതും നമ്മളെ ഉപയോഗിക്കുന്നുണ്ടെന്ന ഓർമ വേണം. കുട്ടികളുടെ കരച്ചിൽ മാറ്റാനും അവരെ ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കൾ മൊബൈൽ നൽകുന്നത് നല്ല ശീലമല്ല. സൈബർ ലോകത്ത് ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. ഒളിയമ്പുകൾ എയ്യുന്നവരുണ്ട്. മുഖമുള്ളവരും ഇല്ലാത്തവരുമുണ്ട്. പുതുതലമുറയിലെ ഓരോരുത്തരും ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റൻമാരായി മാറണം-മമ്മൂട്ടി പറഞ്ഞു.

