കാന്തപുരത്തെ സന്ദർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം; മർകസിൽ ഉജ്ജ്വല സ്വീകരണം
text_fieldsമലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു
കുന്ദമംഗലം (കോഴിക്കോട്): കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് 5.40ഓടെ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശേഷം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.
മർകസും മലേഷ്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ കൈമാറി.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലേഷ്യൻ സർക്കാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കൈയെഴുത്ത്പ്രതി കാന്തപുരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
സ്വീകരണ സംഗമത്തിന് ശേഷം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ച കാന്തപുരത്തിന്റെ അത്താഴവിരുന്നിലും അൻവർ ഇബ്രാഹീം പങ്കെടുത്തു. 9.30ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി.എം മഖാമും അദ്ദേഹം സന്ദർശിച്ചു.
ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹീം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കേരളത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.
കൂടിക്കാഴ്ചയിലും സ്വീകരണ സംഗമത്തിലും സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ, സാദിഖലി ശിഹാബ് തങ്ങൾ, ഇ. സുലൈമാൻ മുസ്‌ലിയാർ, അലി ബാഫഖി തങ്ങൾ, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, എ.പി. അബ്ദുൽ കരീം ഹാജി ചാലിയം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

