കേരളപ്പിറവി ദിനത്തിൽ മുണ്ടുടുത്തതിന് മലയാളി വിദ്യാർഥികൾക്ക് മർദനം
text_fieldsന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ മുണ്ടുടുത്തതിന് ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം. ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലാണ് നാലുപേർക്ക് മർദനമേറ്റത്. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖിൽ, കണ്ണൂർ സ്വദേശി ഗൗതം, ജെയിംസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഹരിയാന രജിസ്ട്രേഷൻ ബൈക്കിലെത്തിയ മൂന്നുപേർ ചേർന്നാണ് തങ്ങളെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. മുണ്ടുടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ പരിഹസിച്ചു. പോവാൻ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുവന്ന് മർദിക്കുകയായിരുന്നെന്നും വിഷ്ണു പ്രസാദ് പറഞ്ഞു. വിഷ്ണു പ്രസാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തുക്കൾക്ക് മർദനമേറ്റത്. ശ്രീറാം കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് വിഷ്ണുപ്രസാദ്. ഗൗതമും അഖിലും ഹിന്ദു കോളജിലെയും ജെയിംസ് ജാമിഅ മില്ലിയ സർവകലാശാലയിലെയും വിദ്യാർഥികളാണ്.
കൈയിൽ കെട്ടിയ ചരട് ഉയർത്തിക്കാട്ടിയ അക്രമികൾ ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയന്റെ ആളുകളാണെന്ന് വെളിപ്പെടുത്തിയെന്നും മർദനമേറ്റവർ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു. ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായി എ.എ റഹീം എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

