കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; 'ഓർമ കുറവുണ്ട്, ചില സാധനങ്ങളും നഷ്ടപ്പെട്ടു'
text_fieldsഗുരുവായൂർ: മുംബൈയില്‍നിന്ന് ഉത്തർപ്രദേശിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗുരുവായൂർ സ്വദേശിയായ സൈനികൻ വീട്ടിൽ തിരിച്ചെത്തി. താമരയൂര്‍ മസ്ജിദിന് സമീപം കൊങ്ങണം വീട്ടില്‍ ഗഫൂറിന്റെയും ഫൗസിയയുടെയും മകൻ ഫര്‍സീനാണ് (28) ശനിയാഴ്ച രാത്രി വീട്ടിലെത്തിയത്. ഇദ്ദേഹത്തെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർമി അധികൃതരെ വീട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്.
ബീഹാറിലേക്ക് യാത്രപോയതാണെന്നാണ് ഫർസീൻ കുടുംബത്തോട് നൽകിയ മറുപടി. അതേസമയം, ഫർസീന് ഓർമ കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. യാത്രക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം പറയുന്നു.
ഫർസീനെ കണ്ടെത്താൻ ഗുരുവായൂർ പൊലീസ് യു.പിയിലേക്ക് പോയ സമയത്താണ് തിരിച്ചെത്തിയത്. ആര്‍മിയില്‍ പുണെ റെജിമെന്റില്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ഫര്സീന് പരിശീലനത്തിനായി യു.പിയിലെ ബറേലിയിലുള്ള ആര്‍മി ആശുപത്രിയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകുമ്പോഴാണ് കാണാതായത്. ബാന്ദ്രയില്‍നിന്ന് 22975 നമ്പര്‍ റാംനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് പോയിരുന്നത്. ജൂലൈ10ന് രാത്രി 10.45 വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായി. അഞ്ച് വര്‍ഷം മുമ്പാണ് ഫര്സീന് ആര്‍മിയില്‍ ചേര്‍ന്നത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ വന്നുപോയിരുന്നു. ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫര്‍സീന്റെ ഭാര്യ സെറീന ഹൈകോടതിയില്‍ ഹേബിയസ് കോർപ്പസ് ഹരജി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

