പൊന്നാനിയിൽ നിയന്ത്രണം കടുപ്പിച്ചു; തെരുവിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു
text_fieldsപൊന്നാനി: നഗരസഭ പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ തെരുവിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തവർ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊള്ളുന്ന കാഴ്ചയാണ് പൊന്നാനിയിൽ. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം ഏറുകയും ഭീതിപ്പെടുത്തുന്ന ആൻറിജെൻ ഫലങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊതുനിരത്തുകളിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം കുറയുന്നത്. ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കിയതിനെത്തുടർന്ന് കൂട്ടമായി തെരുവിലെത്തിയവരുൾപ്പെടെ പലരും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വീട്ടിലിരുന്നു. ഇതിനൊപ്പം വാർഡ്തല ആൻറിജെൻ ടെസ്റ്റ് ഫലങ്ങൾ പുറത്ത് വന്നതോടെ പോസിറ്റിവ് കേസുകൾ ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് ആളുകൾ പുറത്തിറങ്ങാതായത്. പൊന്നാനിയിലെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് പരിശോധനയും നടന്നു.
വിരലിലെണ്ണാവുന്ന പൊലീസ് മാത്രം
പൊന്നാനി: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ഓരോരുത്തരും സന്നദ്ധരായി രംഗത്തിറങ്ങണമെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. പൊന്നാനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ സുരക്ഷ ചുമതലയുള്ള പൊലീസുകാരുൾപ്പെടെ നിരീക്ഷണത്തിലാണ്.
മറ്റു സ്റ്റേഷനുകളിൽനിന്നുള്ള എസ്.ഐയും എട്ട് പൊലീസുകാരും 29 എം.എസ്.പിയും മാത്രമാണ് കോവിഡ് അതിതീവ്ര മേഖലയിൽ പ്രവർത്തന രംഗത്തുള്ളത്.
ആരോഗ്യ പ്രവർത്തകരിൽ പലരും ക്വാറൻറീനിലാണ്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവൻ രക്ഷക്കായി സ്വയം നിയന്ത്രണം മാത്രമാണ് മാർഗമെന്നാണ് അധികൃതർ പറയുന്നത്. താലൂക്കിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് എസ്.പി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
ക്വാറൻറീൻ സൗകര്യമില്ലാത്തത് തിരിച്ചടി
പൊന്നാനി: തീരദേശ മേഖലയിലെ കോവിഡ് സ്ഥിരീകരണം പ്രതിസന്ധി ഇരട്ടിയാക്കുന്നു. കോവിഡ് സ്ഥിരീകരണവും ആൻറിജെൻ ടെസ്റ്റിലെ പോസിറ്റിവ് ഫലങ്ങളും മൂലം സമ്പർക്കത്തിലുള്ളവർ ക്വാറൻറീനിൽ ഇരിക്കണമെന്ന നിർദേശത്തിൽ ദുരിതമനുഭവിക്കുകയാണ് തീരദേശത്തുള്ളവർ.
തീരദേശത്തെ ചെറിയ വീടുകളിൽ മൂന്നും നാലും കുടുംബങ്ങളാണ് കഴിയുന്നത്. ഇവർക്കെല്ലാം ആകെയുള്ളത് ഒരു ശുചിമുറിയും.
കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
അഴീക്കൽ മേഖലയിലെ ഒന്നാം വാർഡിൽ നടന്ന ആൻറിജെൻ പരിശോധനയിൽ ഏഴു പേർക്ക് പോസിറ്റിവാകുകയും ചെയ്തു. ഇതോടെയാണ് തീരദേശ മേഖലയിലുള്ളവർ ദുരിതത്തിലാവുന്നത്.
നൂറു കണക്കിനാളുകളാണ് ഇപ്പോൾ കടലോര മേഖലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ജനസാന്ദ്രതയേറിയ സ്ഥലമായതിനാൽ രോഗ വ്യാപനം ഇനിയുമേറുമോ എന്ന ആശങ്കയുണ്ട്.
ഇവർക്കെങ്കിലും പ്രത്യേക ക്വാറൻറീൻ കേന്ദ്രം ഒരുക്കണമെന്ന ആവശ്യവുമുണ്ട്. ട്രോളിങ് നിരോധന സമയമായതിനാൽ പട്ടിണിയുടെ നടുവിലാണ് തീരമേഖല.
പോസിറ്റിവായത്
68 പേർക്ക്
പൊന്നാനി: താലൂക്കിൽ ആൻറിജെൻ പരിശോധനയിൽ 68 പേർക്ക് പോസിറ്റിവായതോടെ ആശങ്കയോടെ ജനം. ഇതിൽ പൊന്നാനി നഗരസഭയിൽ മാത്രം 61 പേർക്ക് പോസിറ്റിവായി.
ഇതിൽ 38 പേർക്കും കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച മാത്രം പൊന്നാനി നഗരസഭയിൽ 23 പേരുടെ ഫലമാണ് പോസിറ്റിവായത്. കൂടാതെ വെളിയങ്കോട് രണ്ട് പേർക്കും കാലടി, തവനൂർ, എടപ്പാൾ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും പോസിറ്റിവായിരുന്നു. വ്യാഴാഴ്ച മാറഞ്ചേരിയിൽ രണ്ടു പേർക്കും എടപ്പാളിൽ ഒരാൾക്കും പോസിറ്റിവായി.
പൊന്നാനിയിൽ നാലു മത്സ്യത്തൊഴിലാളികൾ, അഞ്ച് വീട്ടമ്മമാർ, ഗർഭിണി, രണ്ടാം ക്ലാസുകാരി, അധ്യാപിക, പൂജാരി, 90 വയസുള്ളയാൾ, മില്ല് തൊഴിലാളികൾ എന്നിവരുൾപ്പെടെയാണ് പോസിറ്റിവായത്.
രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്താനാകാത്തത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ശനിയാഴ്ച പൊന്നാനിയിൽ 10, 14, 15, 16 വാർഡുകളിലെ പരിശോധന നടക്കും.
ആലംകോട്
116 പേർക്ക് െനഗറ്റിവ്
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച പതിനൊന്നാം വാർഡിലെ മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങൾക്കായി നടത്തിയ സ്രവപരിശോധന ഫലം ആശ്വാസകരം. പൊതുജനങ്ങളിലും വളണ്ടിയർമാരിലുമായി നടത്തിയ 66 പേരുടെ ആൻറിെജൻ ഫലങ്ങൾ എല്ലാം നെഗറ്റിവായി.
വ്യാഴാഴ്ച കാളാച്ചാൽ ഒന്നാം വർഡിലെ 50 പേരുടെ ശ്രവപരിശോധനയിൽ മുഴുവൻ പേരും നെഗറ്റിവ് ആയി.
പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- താലൂക്ക് പരിധിയില്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ അഞ്ചിലധികം പേർ കൂട്ടം കൂടാൻ പാടില്ല
- അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചു
- നഗരസഭപരിധിയില്‍ മത്സ്യ മാംസാദി വിപണനം പാടില്ല
- മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്
- നാലുചക്ര സ്വകാര്യ/ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര് മാത്രം
- ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍, ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ നിരോധിച്ചു
- വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർ മാത്രം
- പൊതുസ്ഥലങ്ങളില്‍ തുപ്പരുത്
- ആശുപത്രികളില്‍ രോഗിക്ക് കൂട്ടിരിപ്പിനായി ഒന്നിലധികം പേര് ഉണ്ടാകരുത്
- വ്യാപാര സ്ഥാപനങ്ങളില്‍ ശീതീകരണ സംവിധാനം ഉപയോഗിക്കാന്‍ പാടില്ല
- പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ നിരോധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
