കായികാധ്യാപകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധം; കായികമേളക്കിടെ അധ്യാപകരും സംഘാടകരും തമ്മിൽ തർക്കം
text_fieldsപ്രതിഷേധിക്കുന്ന അധ്യാപകർ
പാലക്കാട്: പാലക്കാട് ചാത്തന്നൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ കായികമേളക്കിടെ കായികാധ്യാപകരും സംഘാടകരും തമ്മിൽ തർക്കം. കായിക അധ്യാപകൻ ട്രാക്കിന് സമീപം പ്രതിഷേധം നടത്തുന്നത് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കായികാധ്യാപകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പിന്നീട് സ്റ്റേഡിയത്തിനുള്ളിൽ കായികാധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി.
സർക്കാർ, എയിഡഡ് വിദ്യാലയങ്ങൾക്ക് ബാധകമാക്കി കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക. യു.പി, എച്ച്. എസ് തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുക. മുഴുവൻ വിദ്യാലയങ്ങളിലും കായികാധ്യാപക നിയമിച്ച് ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമാക്കുക എന്നീ ആവശ്യങ്ങളാണ് അധ്യാപകർ ഉയർത്തുന്നത്.
അതേസമയം, 17 ഉപജില്ലകളിലെ 3000ത്തോളം വിദ്യാർഥികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററോടെ മത്സരങ്ങള്‍ തുടങ്ങും’. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഫൈനലുകൾ നടക്കും. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് (നാല് കിലോഗ്രാം), ലോങ് ജംപ്, സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഹൈജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ (മൂന്ന് കിലോഗ്രാം) എന്നിവയാണ് ആദ്യം നടക്കുന്ന ഫൈനലുകള്‍. ആദ്യദിനം 26 ഫൈനലുകള്‍ ട്രാക്കിലിറങ്ങും. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ആദ്യദിനമാണ്. ശനിയാഴ്ച 44 ഫൈനലും ഞായറാഴ്ച 31 ഫൈനലും നടക്കും. മേളയുടെ സമാപനദിവസം അധ്യാപകർക്കുള്ള മത്സരങ്ങളുമുണ്ട്.
ആദ്യമായിട്ടാണ് മലപ്പുറം ജില്ല കായികമേള മറ്റൊരു ജില്ലയിൽ നടത്തേണ്ട ഗതി വന്നത്. മലപ്പുറം ജില്ലയിലെ സിന്തറ്റിക്ക് ട്രാക്കുകളുടെ ശോച്യാവസ്ഥയാണ് കായികമേള പാലക്കാട്ടേക്ക് മാറ്റാൻ ഇടവരുത്തിയത്. കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്ക്, നിലമ്പൂർ മാനവേദൻ സ്കൂളിലെ സിന്തറ്റിക്ക് ട്രാക്ക്, തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്ക് എന്നിവയൊന്നും മത്സരങ്ങൾ നടത്താനുള്ള ഫിറ്റില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

