ദേവദാസിന് അന്ത്യവിശ്രമം മഹല്ല് ജമാഅത്ത് പ്രസിഡൻറിന്റെ സ്ഥലത്ത്
text_fieldsഹരിപ്പാട്: കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ പ്രയാസപ്പെട്ട കുടുംബത്തിന് ആശ്വാസമേകി മഹല്ല് ജമാഅത്ത് പ്രസിഡൻറ്. കൊല്ലം മടന്തക്കോട് നെല്ലിമുക്ക് വലുവള വീട്ടിൽ ദേവദാസാണ് (58) കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഹരിപ്പാട് നഗരസഭ 10ാം വാർഡിലായതിരുന്നു കുടുംബം താമസിച്ചിരുന്നത്. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ സ്ഥലമില്ലാതെ നിസ്സഹായാവസ്ഥയിലായിരുന്നു ഭാര്യ രാജമ്മയും ഏകമകൾ രമ്യയും. ഇതോടെ പൊതുപ്രവർത്തകരായ താഹയും നൗഷാദ് വേളൂരും കാർത്തികപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് ഡോ. ഹമീദ് ഷാലിയെ സമീപിക്കുകയായിരുന്നു. ഉടൻ തന്നെ നങ്ങ്യാർകുളങ്ങരയിലുള്ള തന്റെ സ്ഥലത്ത് അന്ത്യവിശ്രമം ഒരുക്കാൻ അദ്ദേഹം സൗകര്യമേർപ്പെടുത്തി. കൗൺസിലർ മഞ്ജു ഷാജിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മൃതദേഹം സംസ്കരിച്ചു.

