എൽ.ഡി.എഫ് ഖത്തർ ലോകകപ്പിലെ അർജന്റീനയെ പോലെ; സൗദിയോട് തോറ്റ ശേഷം കിരീടമണിഞ്ഞ മെസ്സിപ്പട പോലെ എൽ.ഡി.എഫ് തിരിച്ചുവരും -എം.എ ബേബി
text_fieldsഎം.എ ബേബി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിനേറ്റ തിരിച്ചടിയെ 2022 ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ പ്രകടനവുമായി താരതമ്യം ചെയ്ത് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി.
കിരീടപ്രതീക്ഷയുമായെത്തിയ അർജന്റീന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തോറ്റപ്പോൾ ലോകമെങ്ങുമുള്ള ആരാധകർ വിമർശിച്ചിരുന്നു. എന്നാൽ, പിന്നീട് കിരീടവുമായി മടങ്ങുന്നതാണ് കണ്ടത്. അതുപോലെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുള്ള തയ്യാറെടുപ്പാണെന്നായിരുന്നു തിരുവനന്തപുരത്ത് എം.എ ബേബിയുടെ പ്രതികരണം.
‘ഒരു ഫുട്ബാൾ കമ്പക്കാരൻ എന്ന നിലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ അർജന്റീനയുടെ കഴിഞ്ഞ ലോകകപ്പിലെ തോൽവിയുമായാണ് ഞാൻ താരതമ്യം ചെയ്യുന്നത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ എവിടെ അർജന്റീന, എവിടെ മെസ്സി എന്നീ ചോദ്യങ്ങളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം. ആദ്യ മത്സരത്തിൽ തോറ്റതിനു പിന്നാലെ, തോൽവിയുടെ കാരണം പരിശോധിച്ച്, ആവശ്യമായ പരിഹാരങ്ങൾ ചെയ്തു. അതിന്റെ ഫലമായിരുന്നു കിരീട നേട്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തോൽവിയുണ്ടായെന്നത് സത്യമാണ്. എന്നാൽ, ഇത് മറികടക്കാൻ കഴിയാത്തതല്ല’ -എം.എ ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

