‘മതസംഘടനകൾ ആജ്ഞാപിക്കാൻ വരരുത്, സൂംബ നടത്തുന്നത് അൽപവസ്ത്രം ധരിച്ചാണെന്നത് അറിവില്ലായ്മ’; വിവാദത്തിൽ വിമർശനവുമായി എം.എ. ബേബി
text_fieldsകോഴിക്കോട്: സൂംബ നൃത്ത വിവാദത്തിൽ മതസംഘടനകളെ രൂക്ഷമായി വിമർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ടെന്നും എന്നാൽ ആജ്ഞാപിക്കാൻ വരരുതെന്നും എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സൂംബ നൃത്തം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. 180ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപമാണ് ഇത്. കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസിലാക്കിയും വളരണം. അപ്പോഴാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാകുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.
നമ്മള്‍ 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായിക പരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡ വാദമാണ്. അൽപവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നത് എന്നത് അറിവില്ലായ്മയാണ്. സമചിത്തമായ സംവാദത്തിലൂടെ ആശയവിനിമയം നടത്താമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
അതേസമയം, സൂംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട.
വ്യത്യസ്തമായ വേഷവിധാനങ്ങളും ഭാഷയുമൊക്കെയുള്ള രാജ്യമാണ് ഇന്ത്യ. ആ വ്യത്യസ്തകളാണ് രാജ്യത്തിന്റെ മനോഹാരിത. എല്ലാവരോടും പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും ഇട്ടുനടക്കാനോ പറയാനാകില്ല. ഇത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് പോകരുത്. അതില്‍ നിന്നും മുതലെടുക്കാന്‍ ചിലരുണ്ട്. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പടര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറരുത്.
പരാതി ഉണ്ടായാല്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കണം. സൂംബ ഡാന്‍സിന് എതിരല്ല. അടിച്ചേല്‍പ്പിച്ച് ആളിക്കത്തിക്കുന്നതിന് വേണ്ടി ഒന്നും ഇട്ടുകൊടുക്കരുത്. ഗവേണന്‍സ് എന്നത് ബുദ്ധിപൂര്‍വം ചെയ്യേണ്ടതാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
നേരത്തെ, പ്രാകൃത ചിന്താഗതിക്കാരാണ് സ്കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിന്‍റെ പരാമർശത്തെ പരിഹസിച്ച് കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ രംഗത്തുവന്നിരുന്നു.
19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.
സൂംബക്കെതിരെ സമസ്ത യുവജന വിഭാഗവും രംഗത്തു വന്നിരുന്നു. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

