‘പി.എംശ്രീ സതീശന് വീണുകിട്ടിയ സൗഭാഗ്യം’; വിമർശനത്തിന് പ്രസക്തിയില്ലെന്ന് എം.എ. ബേബി
text_fieldsന്യഡൽഹി: വിവാദ പി.എം ശ്രീ പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിന് മറുപടിയുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വി.ഡി. സതീശന്‍റെ വിമർശനത്തിന് പ്രസക്തിയില്ലെന്ന് എം.എ. ബേബി പറഞ്ഞു.
പി.എം ശ്രീ സംബന്ധിച്ച വാർത്ത സതീശന് വീണുകിട്ടിയ സൗഭാഗ്യമാണ്. കോൺഗ്രസ് ഹൈക്കമാൻഡ് സതീശനോട് എന്തൊക്കെയോ പറഞ്ഞുവെന്ന് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതെല്ലാം കോൺഗ്രസും വി.ഡി. സതീശനും ചർച്ച ചെയ്ത് പരിഹരിക്കട്ടെ എന്നും ബേബി വ്യക്തമാക്കി.
പി.എം ശ്രീ പദ്ധതിയിൽ എം.എ. ബേബി അടക്കമുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് ഞായറാഴ്ച വി.ഡി. സതീശൻ നടത്തിയത്. എം.എ ബേബി പോലും അറിഞ്ഞില്ലെന്നും സിതാറാം യെച്ചൂരി ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ എന്നും സതീശൻ ചോദിച്ചിരുന്നു.
'മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടത് പത്താം തീയതി. പിഎം ശ്രീ ഒപ്പിട്ടത് പതിനാറാം തീയതി. പത്താം തീയതി ഡല്‍ഹിയില്‍ എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി പറയണം. എന്ത് ഡീലാണ് നടന്നത്? മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്‌മെയില്‍ ചെയ്തു. ഇരുപത്തിരണ്ടാം തീയതി മന്ത്രിസഭായോഗത്തില്‍ സി.പി.ഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോട് പോലും കള്ളത്തരം കാണിച്ചു.
നയം കീഴ്‌മേല്‍ മറിഞ്ഞത് പത്താം തീയതിക്ക് ശേഷമാണ്. എം.എ ബേബി പോലും അറിഞ്ഞില്ല. സിതാറാം യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? നടക്കില്ലായിരുന്നു. എം.എ ബേബി വിധേയനാണ്. സംസ്ഥാന ഘടകം തീരുമാനിക്കും എന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സി.പി.എം ദേശീയ നേതൃത്വത്തിന് ഒരു നയമില്ലേ?' -സതീശൻ വ്യക്തമക.
വ്യാഴാഴ്ചയും വി.ഡി. സതീശൻ ആരോപണം ആവർത്തിച്ചു. മന്ത്രിസഭയും പാര്‍ട്ടിയും മുന്നണിയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത്? പി.എം ശ്രീയില്‍ ഒപ്പുവെക്കുന്നതിനു മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, അതു ചെയ്തില്ല. ഒപ്പുവെച്ചതിനു ശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സി.പി.ഐയെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്.
പി.എം ശ്രീയില്‍ നിന്നും പിന്മാറുമെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ആര് ബ്ലാക്ക് മെയില്‍ ചെയ്തിട്ടാണ് ആരോടും ആലോചിക്കാതെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്? ഒപ്പുവെച്ച ശേഷവും മന്ത്രിസഭയില്‍ ആരോടും മിണ്ടിയില്ല. എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിക്കുണ്ടായത്? ഇപ്പോള്‍ ശ്രമിക്കുന്നത് കണ്ണില്‍ പൊടിയിടാനും സി.പി.ഐയെ കബളിപ്പിക്കാനുമാണ്. കരാര്‍ ഒപ്പിട്ട ശേഷം മന്ത്രിസഭാ ഉപസമിതി എന്താണ് പരിശോധിക്കുന്നത്? -വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

