ഇന്ത്യയുടെ രാജാവാണെന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത മോദി ചെങ്കോൽ തിരികെ കൊണ്ടുവരുന്നു -എം.എ ബേബി
text_fieldsകോഴിക്കോട്: പുതിയ പാർലമെന്‍റിൽ ചെങ്കോൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പി.ബി അംഗം എം.എ ബേബി. ആർ.എസ്.എസുകാരെ നയിക്കുന്നത് ബ്രിട്ടീഷുകാരുടെയും അവർക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണെന്ന് എം.എ ബേബി പറഞ്ഞു. ഇന്ത്യയുടെ രാജാവാണെന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത മോദി ചെങ്കോൽ തിരികെ കൊണ്ടുവരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചെങ്കോലും കിരീടവും ഉപേക്ഷിച്ചു എന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദർശം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാർ ഏറ്റെടുത്തത് സുൽത്താൻമാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ആണ്. 1947 ആഗസ്റ്റ് 14ന് തമിഴ്നാട്ടിലെ പുരോഹിതർ നെഹ്രുവിന് ഒരു ചെങ്കോൽ നൽകി എന്നാണ് ഇപ്പോഴത്തെ സർക്കാർ പറയുന്നത്. ഉറപ്പായും, താൻ രാജാവല്ല, ജനപ്രതിനിധിയാണെന്ന് അറിയാമായിരുന്ന പ്രധാനമന്ത്രി നെഹ്രു ആ ചെങ്കോൽ ഒരിടത്തും സ്ഥാപിച്ചില്ല.
ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോൽ തിരിച്ചു കൊണ്ടു വരികയാണ്. പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഒരു ചെങ്കോൽ സ്ഥാപിക്കും എന്ന് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി അടയാളങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഉണ്ടാവും എന്നും അമിത് ഷാ പറഞ്ഞു.
ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടു പോലുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷുകാരുടേയും അവർക്ക് മുമ്പുണ്ടായിരുന്ന രാജാക്കന്മാരുടെയും കാലത്തെ മൂല്യങ്ങളാണ് ആർ.എസ്.എസുകാരെ നയിക്കുന്നത്. ആധുനിക ഇന്ത്യ, കാലഹരണപ്പെട്ട ഈ ജനാധിപത്യവിരുദ്ധ മൂല്യങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും.