ചിരാലിൽ വീണ്ടും വന്യമൃഗ ആക്രമണം; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു
text_fields1.ചിരാൽ നമ്പ്യാർകുന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർതടഞ്ഞുവെച്ചപ്പോൾ 2. നമ്പ്യാർ കുന്നിൽ പുലി കൊന്ന ആടിന്റെ ജഡം
സുൽത്താൻ ബത്തേരി: ചിരാൽ നമ്പ്യാർകുന്ന് പ്രദേശത്ത് വീണ്ടും വന്യമൃഗ ആക്രമണം. കളന്നൂർ ചന്ദ്രന്റെ രണ്ട് ആടുകളെയാണ് വ്യാഴാഴ്ച വെളുപ്പിന് വന്യമൃഗം പിടിച്ചുകൊണ്ടുപോയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കൃഷിയിടത്തിൽ ഒരു ആടിനെ ചത്തനിലയിൽ കണ്ടെത്തി. പുലിയാണ് ആടിനെ കൊന്നതെന്ന നിഗമനത്തിലാണ് നാട്ടുകാർ.
സംഭവമറിഞ്ഞ് വനം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. തുടർച്ചയായ വന്യമൃഗ ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വനം ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പിന്നീട് ആർ.ആർ.ടി സംഘമെത്തി പുലിക്കായി തിരച്ചിൽ തുടങ്ങിയതിന് ശേഷമാണ് നാട്ടുകാർ വനം ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. നാലു മാസത്തോളമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചീരാലിൽ നാട്ടുകാർ സമരപാതയിലാണ്. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിലേക്ക് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കർമസമിതി വെള്ളിയാഴ്ച മാർച്ച് നടത്തും. ചീരാലിലും പരിസരപ്രദേശങ്ങളിലും കടുവാശല്യം തുടങ്ങിയിട്ട് നാല് മാസത്തിലേറെയായി.
ഇതിനിടയിലാണ് പുലിയും പ്രദേശത്ത് തമ്പടിക്കുന്നത്. നിരവധി വളർത്തുമൃഗങ്ങളെ കടുവയും പുലിയും ആക്രമിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ എത്തുമ്പോൾ വനം അധികൃതർ സ്ഥിരമായി സ്ഥലത്തെത്താറുണ്ട്. എന്നാൽ, സ്ഥായിയായ പരിഹാരമാർഗങ്ങൾ മാത്രം ഉണ്ടാകുന്നില്ല. മുമ്പ് ചീരാൽ, പഴൂർ മേഖലയിൽ വന്യമൃഗങ്ങൾ ആക്രമിച്ച് വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം കിട്ടാത്തതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

