ഉരുളൊഴുകിയ പതിനൊന്നാം വാർഡ്; ഇവിടെ സ്ഥാനാർഥികൾ കിതക്കുന്നു
text_fieldsമേപ്പാടി: മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ചു പുലർത്തുന്ന മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പക്ഷേ സ്ഥാനാർഥികളെ വല്ലാതെ വലക്കുന്ന വാർഡ് കൂടിയാണ്. ഉരുൾ ദുരന്തത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന വാർഡിലെ 2300ൽപരം വോട്ടർമാരെ ഒരു തവണയെങ്കിലും നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുകയെന്നത് സ്ഥാനാർഥികൾക്ക് ഒരേ സമയം ശ്രമകരവും വെല്ലുവിളിയുമാണ്.
പുതിയ വിഭജനമനുസരിച്ച് മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കമുള്ള പ്രദേശമുൾപ്പെടുന്ന ഭാഗങ്ങളിൽ ഇപ്പോൾ ജനവാസമില്ല. പഴയ പതിനൊന്നാം വാർഡാണിത്. ചൂരൽമല പന്ത്രണ്ടാം വാർഡുമായിരുന്നു. പതിനൊന്നാം വാർഡിൽ തൊള്ളായിരത്തിൽപ്പരം വോട്ടുകളുണ്ടായിരുന്നു. ആ വാർഡ് തന്നെ ഇപ്പോൾ ഇല്ലാതായി. പതിനൊന്നാം വാർഡിനെ ചൂരൽമല പന്ത്രണ്ടാം വാർഡിലേക്ക് ലയിപ്പിച്ചാണ് പതിനൊന്നാം വാർഡ് രൂപവത്കരിച്ചത്. രണ്ട് വാർഡുകളെയും ചേർത്ത് രൂപവത്കരിച്ച പതിനൊന്നാം വാർഡിൽ 2300ൽപരം വോട്ടർമാരുണ്ട്.
ഉരുൾ ദുരന്തത്തിൽപ്പെട്ട് 298 പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. അതിൽ 275 പേരെങ്കിലും പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലെ വോട്ടർമാരായിരുന്നു എന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പറയുന്നു. നോ ഗോ സോൺ മേഖലയായതിനാൽ ഇവിടെ ജനവാസം അനുവദനീയമല്ല. പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ചൂരൽമല പ്രദേശത്തും ജനവാസം അനുവദനീയമല്ല.
ചൂരൽമല ടൗണിൽ ഒന്നു രണ്ടു തട്ടുകടകളും പെട്ടിക്കടകളുമൊക്കെ പകൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നേയുള്ളു. കടകളിലേക്കൊന്നും വൈദ്യുതി നൽകിയിട്ടുമില്ല. പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെ യോജിപ്പിച്ചു കൊണ്ടാണ് രണ്ട് പോളിങ് ബൂത്തുകളും 2300ൽപരം വോട്ടർമാരുമുള്ള പതിനൊന്നാം വാർഡ് രൂപവത്കരിച്ചത്. ഈ രണ്ടു വാർഡുകളിലുമുണ്ടായിരുന്ന ആളുകൾ ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ നൽകിയ വാടക വീടുകളിൽ താമസിച്ചുവരുകയാണ്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കൽപറ്റ, കണിയാമ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെല്ലാമാണ് ഇവർ ഉള്ളത്. ഈ വോട്ടർമാരെയെല്ലാം നേരിൽക്കണ്ട് വോട്ട് ചോദിക്കാൻ സ്ഥാനാർഥികൾക്ക് കഴിയുമോ എന്ന് സംശയമാണ്.
സ്ഥാനാർഥികൾ വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾക്ക് പുറമെ ഒരു സ്വതന്ത്രനും ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നോട്ടീസ്, ലഘുലേഖകൾ, സ്ലിപ്പുകൾ എന്നിവയൊക്കെ വോട്ടർമാരെ തേടിപ്പിടിച്ചെത്തി നൽകുകയെന്നത് പ്രവർത്തകർക്കും ഏറെ വിഷമകരമായ ജോലിയാണ്. കണിയാമ്പറ്റ, കൽപറ്റ, ബത്തേരി തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നൊക്കെ ചൂരൽമലയിലെത്തി വോട്ടു ചെയ്യുകയെന്നത് വോട്ടർമാർക്കും വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

