തണുത്തു വിറച്ച് വയനാട്; പലയിടത്തും 11 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു
text_fieldsതണുപ്പ് കഠിനമായതിനെ തുടർന്ന് വെള്ളമുണ്ട എട്ടേനാൽ ടൗണിലെ ഓട്ടോ തൊഴിലാളികൾ തീ കൂട്ടിയപ്പോൾ
കൽപറ്റ: മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വയനാട്ടിൽ കൊടും തണുപ്പ്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലയിൽ നല്ല തണുപ്പ് കാലാവസ്ഥയാണെങ്കിലും ഇത്തവണ ഡിസംബർ പകുതി പിന്നിടുമ്പോൾ തന്നെ തണുത്തു വിറക്കുകയാണ് വയനാട്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പലയിടത്തും 11 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. പുലർച്ചെയാണ് അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
കുറച്ചു ദിവസമായി 14 ഡിഗ്രി സെൽഷ്യസ് വരെ താപനില വയനാട്ടിൽ അനുഭവപ്പെട്ടു. ബുധനാഴ്ച കല്ലൂരിലും മേപ്പാടിയിലെ എലിംബ്ലേരിയിലും പൊഴുതന ആനോത്തുമെല്ലാം 13 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ബാവലിയിലും കോളേരിയിലും ഇത്രയും തണുപ്പുണ്ട്. കല്ലൂരിൽ ചൊവ്വാഴ്ച 12 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. ജില്ലയുടെ സമീപ പ്രദേശമായ തമിഴ്നാട്ടിലെ ഊട്ടിയിലും ശക്തമായ തണുപ്പാണ് അനുഭപ്പെടുന്നത്.
അതേസമയം രാവിലെ 11 മണിക്ക് ശേഷമുള്ള വെയിലിന് ചൂട് കൂടിയിട്ടുമുണ്ട്. പൊതുവെ ജില്ലയിൽ മൂടിയ അന്തരീക്ഷമാണ് പലപ്പോഴും അനുഭവപ്പെടുന്നത്. സംസ്ഥാനത്തെല്ലായിടത്തും അസാധാരണമായി തണുപ്പനുഭവപ്പെടുന്നുണ്ടെങ്കിലും വയനാട്ടിൽ ഇത് വളരെ കൂടുതലാണ്. തണുപ്പാസ്വാദിക്കാൻ കൂടുതൽ സഞ്ചാരികൾ വയനാട്ടിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി അവസാനംവരെ തണുപ്പ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ക്രിസ്മസ് അവധിക്കാലത്ത് ഇക്കാരണം കൊണ്ടുതന്നെ കൂടുതൽ സഞ്ചാരികൾ ചുരം കയറും.
ഇപ്പോൾ തന്നെ വൻകിട റിസോർട്ടുകളും ഹോംസ്റ്റേകളുമെല്ലാം നേരത്തേത്തന്നെ ബുക്ക് ചെയ്തുകഴിഞ്ഞു. സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് വിവിധ ആഘോഷങ്ങളും പരിപാടികളും ജില്ലയിൽ നടക്കുന്നുണ്ട്. വയനാടിന്റെ കുളിര് ആസ്വദിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ നിരവധി പേരെത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇനിയും താപനില കുറയാൻ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പകൽ സമയത്തുപോലും അനുഭവപ്പെടുന്ന തണുത്ത കാറ്റും രാവിലെകളിലെ മൂടൽമഞ്ഞും വയനാട് കേരളത്തിന്‍റെ ഊട്ടിയായി മാറുകയാണ്.
രക്ഷനേടാൻ തീകൂട്ടി ഗ്രാമങ്ങൾ
വെള്ളമുണ്ട: തണുപ്പ് കൂടിയതോടെ രാത്രി ജോലിചെയ്യുന്നവരും യാത്രക്കാരുമെല്ലാം പ്രതിസന്ധിയിലായി. തണുപ്പിനെ പ്രതിരോധിക്കാൻ ചെറിയ ടൗണുകളിലും മറ്റും തീ കൂട്ടുന്നത് പതിവായി. രാത്രി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് തണുപ്പ് കഠിനമായതോടെ തീകൂട്ടി തണുപ്പിനെ അകറ്റുന്നത്. അതി രാവിലെ സൊസൈറ്റിയിലേക്ക് പാലുമായി വരുന്നവരും കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുവരുമെല്ലാം തീ ഇട്ട് തണുപ്പിനെ പ്രതിരോധിക്കുകയാണ്. പുലർച്ചെ ജോലിക്കിറങ്ങുന്ന തോട്ടം തൊഴിലാളികളെയും സ്കൂൾ കുട്ടികളെയും കൊടും തണുപ്പ് കൂടുതൽ ബാധിക്കുന്നുണ്ട്. രാവിലെ ജാക്കറ്റും സ്വെറ്ററും ധരിച്ചാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

