ഖാഇദെമില്ലത്ത് പുരസ്കാരം വിതരണം ചെയ്യാത്തത് ചർച്ചയാവുന്നു
text_fieldsകൽപറ്റ: പ്രഖ്യാപിച്ച തീയതി കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴും പുരസ്കാരം വിതരണം ചെയ്യാത്തത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാവുന്നു. 2021 ഡിസംബറിൽ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയ ഖാഇദെമില്ലത്ത് പുരസ്കാരമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
മുസ്ലിം ലീഗ് നേതാവും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സാന്നിധ്യവുമായ പി.കെ. അബൂബക്കറിന് ഡിസംബർ 12ന് കൽപറ്റയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നായിരുന്നു ഖാഇദെമില്ലത്ത് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നത്. ഖാഇദെമില്ലത്ത് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എം.സി.എം. ജമാൽ, കൺവീനർ യഹ്യാഖാൻ തലക്കൽ, വർക്കിങ് ചെയർമാൻ ടി. ഹംസ, എക്സിക്യൂട്ടിവ് അംഗം എം.പി. നവാസ് എന്നിവരാണ് 2021 നവംബറിൽ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചത്.
ചില വിഷയങ്ങളിൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരുടേതിൽനിന്ന് വ്യത്യസ്തമായ നിലപാട് പി.കെ. അബൂബക്കർ സ്വീകരിച്ചതാണ് പുരസ്കാരം വിതരണം നീണ്ടുപോവാൻ ഇടയാക്കുന്നതെന്നാണ് സൂചന. ഖാഇദെമില്ലത്ത് ഫൗണ്ടേഷന്റെ പ്രഥമ അവാർഡ് സമ്മാനിച്ചത് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാലിനായിരുന്നു.
അതേസമയം, കോവിഡ് രണ്ടാം തരംഗത്തിന്റെ സമയമായിരുന്നതിനാലാണ് കഴിഞ്ഞ ഡിസംബറിൽ അവാർഡ് വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്ന് കൺവീനർ യഹ്യാഖാൻ തലക്കൽ 'മാധ്യമ'ത്തോട് പറഞ്ഞു. പരിപാടിക്ക് നിശ്ചയിച്ചിരുന്ന മുഖ്യാതിഥിതിയുടെ ഡേറ്റ് പിന്നീട് ലഭിച്ചില്ല. ആഗസ്റ്റ് 12ന് കൽപറ്റയിൽ പുരസ്കാര വിതരണച്ചടങ്ങ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

