അഭിലാഷക്ക് വേണം കായികപ്രേമികളുടെ പിന്തുണ
text_fieldsഎ.കെ. അഭിലാഷ
കല്പറ്റ: ഹോങ്കോങ്ങില്‍ മേയില്‍ നടക്കുന്ന അന്താരാഷ്ട്ര ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയുന്നതിനു പരിയാരം സ്വദേശിനിയായ എ.കെ. അഭിലാഷക്കുവേണം കായികപ്രേമികളുടെ പിന്തുണ. ദേശീയ ടീമിലേക്കുള്ള സെലക്ഷനുള്ള അവസാനഘട്ട പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കിൽ വലിയ തുക ആവശ്യമാണ്.
നിലവിൽ ബുധനാഴ്ച ജലന്ധറിൽ ആരംഭിക്കുന്ന അവസാനഘട്ട പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് അഭിലാഷ. ഇതിനുള്ള തുക തന്നെ കടം വാങ്ങിയാണ് പലവഴിക്കായി അഭിലാഷയുടെ കുടുംബം കണ്ടെത്തിയത്. ക്യാമ്പിനുശേഷം ഏപ്രിൽ 26നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.
ബേസ്ബാളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി അഭിലാഷ ടീമിൽ ഇടംപിടിക്കുമെന്നുറപ്പാണെങ്കിലും ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള യാത്രക്കും അനുബന്ധ ചെലവുകള്‍ക്കും ആവശ്യമായ പണം കണ്ടെത്താന്‍ ഇനിയും താരത്തിനായിട്ടില്ല.
മത്സരത്തിനു പോയിവരാനുള്ള ചെലവ് സ്വന്തം നിലയില്‍ കണ്ടത്തേണ്ട ഗതികേടിലാണ് ടീം അംഗങ്ങള്‍. രാജ്യത്ത് ക്രിക്കറ്റിനും ഫുട്ബാളിനും മറ്റുമുള്ള പരിഗണന ബേസ്ബാളിനു ലഭിക്കുന്നില്ല. ഇന്ത്യന്‍ ബേസ്ബാള്‍ അസോസിയേഷനു ടീമിനെ സ്വന്തം ചെലവില്‍ ചാമ്പ്യന്‍ഷിപ്പിനു അയക്കാനുള്ള സാമ്പത്തികശേഷിയില്ല. അഭിലാഷയാകട്ടെ നിര്‍ധന കുടുംബാംഗമാണ്.
വയനാട് പരിയാരം രാംനിവാസില്‍ രാമചന്ദ്രനും ബിന്ദുവുമാണ് മാതാപിതാക്കള്‍. സുരക്ഷ ജീവനക്കാരനായി വിരമിച്ച രാമചന്ദ്രൻ ഇപ്പോൾ കല്പറ്റയില് വാച്ച് കടയിൽ സെയില്‍സ്മാനായാണ് ജോലി ചെയ്യുന്നത്. യാത്രക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കക്കിടയിലും പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ജലന്ധറിലേക്ക് പോയിരിക്കുകയാണ് അഭിലാഷ.
ഉദാരമതികളുടെയും കായികപ്രേമികളുടെയും സഹായം ലഭിച്ചില്ലെങ്കില്‍ കോച്ചിങ് ക്യാമ്പില്‍നിന്ന് നാട്ടിലേക്ക് ക്കു മടങ്ങാന്‍ അഭിലാഷ നിര്‍ബന്ധിതയാകും. 13 പ്രാവശ്യം സോഫ്റ്റ് ബാള്‍ കേരള ടീം അംഗമായിരുന്നു അഭിലാഷ. 2021ലെ നാഷനല്‍ ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കേരള ടീമിലും അതേവര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളില്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ ആരംഭിച്ച പരിശീലനമാണ് അഭിലാഷക്കും മുന്നില്‍ ഉയരങ്ങളിലേക്കു വഴിതുറന്നത്. ദേശീയ ഇന്റര്‍ യൂനിവേഴ്സിറ്റി ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ അഞ്ചുതവണ പ്രതിനിധാനം ചെയ്തിട്ടുണ്ട്. പഠനത്തിലും മിടുക്കിയാണ് അഭിലാഷ. കംപ്യൂട്ടര്‍ സയന്‍സിലും ലൈബ്രറി സയന്‍സിലും ബിരുദാനന്തരബിരുദമുണ്ട്. അഭിലാഷയുടെ പിതാവ് രാമചന്ദ്രന്റെ ഫോണ്‍ നമ്പര്‍: 9447438703.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

