ജില്ലയിൽ 1276 അരിവാൾ രോഗികൾ
text_fieldsകൽപറ്റ: ജില്ലയിൽ നിലവിൽ 1276 അരിവാൾ (സിക്കിൾസെൽ അനീമിയ) രോഗികൾ. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച.
ജില്ലയിലെ ആകെ രോഗികളിൽ 703 സ്ത്രീകളും 576 പുരുഷന്മാരുമാണ്. രോഗകാരണം ജനിതകപരമായതിനാൽ വിവാഹത്തിനുമുമ്പുള്ള രക്തപരിശോധനയും രോഗബോധവത്കരണവും അനിവാര്യമാണെന്നും അധികൃതർ പറയുന്നു.
രോഗബാധിതർ അരിവാൾ കോശങ്ങളുടെ എണ്ണവും വേദനയും കുറക്കാൻ സഹായിക്കുന്ന ഹൈഡ്രോക്സിയൂറിയ, പുതിയ അരുണ രക്താണുക്കളുണ്ടാകാൻ സഹായിക്കുന്ന ഫോളിക് ആസിഡ് തുടങ്ങി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം.
പോഷക സമൃദ്ധമായ ഭക്ഷണരീതി സ്വീകരിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കുക, അമിതമായ തണുപ്പിൽനിന്നും ചൂടിൽനിന്നും ശരീരത്തെ സംരക്ഷിക്കുക, യോഗ, നടത്തംപോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുക, ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.
ബത്തേരി താലൂക്കിലെ ഉന്നതികളിൽ നിരവധി പ്രവർത്തനങ്ങൾ രോഗ പ്രതിരോധത്തിനായി ബത്തേരിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ട്രൈബൽ ജൻഡർ റിസോഴ്സ് സെന്റർ നടപ്പാക്കുന്നുണ്ട്. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുതൽ അരിവാൾ രോഗത്തിന് സ്ക്രീനിങ് നടത്തുന്നുണ്ട്.
ബുധനാഴ്ച ആരോഗ്യവകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സിക്കിൾസെൽ അനീമിയ ദിനമാചരിച്ചു. ‘അറിയാം അകറ്റാം അരിവാള്‍ കോശ രോഗം’ സന്ദേശവുമായി ജൂണ്‍ 19 മുതല്‍ 30 വരെ അവബോധ കാമ്പയിന് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

