പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാതയിൽ വീണ്ടും പ്രതീക്ഷ
text_fieldsപടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതയിൽ പൂഴിത്തോട് ഭാഗത്തെ നിർമാണം മുടങ്ങിയ സ്ഥലം
കൽപറ്റ: വയനാട്ടിലേക്കുള്ള ബദൽപാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് സംബന്ധിച്ച് വീണ്ടും പ്രതീക്ഷയുയരുന്നു. പാതയുടെ കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളിൽ നിർത്തിവെച്ച സർവേ നടപടികൾ വ്യാഴാഴ്ചയോടെ തുടങ്ങി.
കോഴിക്കോട് ജില്ലയിലുൾപ്പെട്ട മൂന്നരകിലോമീറ്ററോളം ദൂരത്താണ് വനമേഖലയിൽ സർവേ നടത്തുന്നത്. വയനാട്ടിലേത് നേരത്തേ പൂർത്തിയാക്കിയിരുന്നു. വയനാട് അതിർത്തിയിലെ കരിങ്കണ്ണിമുതൽ പനയ്ക്കംകടവ് ഭാഗം വരെയാണ് ഇനി പൂർത്തിയാക്കാനുള്ളത്. വനംവകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് സർവേ നീണ്ടുപോയത്.
ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായുള്ള കാത്തിരിപ്പിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. പാതയുടെ 10.61 കിലോമീറ്റർ കോഴിക്കോടും 18.22 കിലോമീറ്റർ വയനാട്ടിലുമാണ്.
വയനാട്ടിലെ പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിനടുത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് പൂഴിത്തോട് അവസാനിക്കുന്ന പാതയാണിത്. 1994 സെപ്റ്റംബര്‍ 24ന് പ്രവൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബദല്‍പ്പാതയുടെ 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് നിലച്ചു.
12 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോവേണ്ടതിനാല്‍ ഏറ്റെടുക്കേണ്ട 52 ഏക്കര്‍ വനഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം വനവത്കരണത്തിന് വിട്ടുകൊടുത്തിരുന്നു. തുടര്‍ന്ന് പൂഴിത്തോടുഭാഗത്ത് വനാതിര്‍ത്തിവരെ മൂന്നു കിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമീറ്ററും പ്രവൃത്തി നടത്തി. എന്നാല്‍, വനഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ കേന്ദ്ര വനം മന്ത്രാലയം തീരുമാനമെടുക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.
സെപ്റ്റംബർ 18ന് സർവേക്കുള്ള സമയപരിധി അവസാനിക്കുമെന്ന് നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ഇതിനാൽ പെട്ടെന്ന് തന്നെ സർവേ പൂർത്തീകരിക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്. ജി.പി.എസ്, ഡ്രോൺ എന്നീ മാർഗങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുക. അതിനിടെ പടിഞ്ഞാറത്തറയിൽ ജനകീയകർമസമിതി സമരം തുടരുകയാണ്.
താമരശ്ശേരി ചുരം പാതയിലെ ചിപ്പിലിത്തോട് ജങ്ഷനില്‍നിന്ന് തുടങ്ങി മരുതിലാവുവഴി വയനാട്ടിലെ വൈത്തിരിക്കടുത്ത തളിപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡാണ് വയനാട്ടിലേക്കുള്ള മറ്റൊരു ബദൽപാത. 14 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ചെലവും ദൈര്‍ഘ്യവും കുറഞ്ഞതുമാണ്.
കോഴിക്കോട് ജില്ലയില്‍ 4.85 ഹെക്ടര്‍ വനഭൂമിയും 21.1 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയില്‍ ഇ.എഫ്.എലും റിസര്‍വ് വനഭൂമിയുമുള്‍പ്പെടെ 12 ഹെക്ടറുമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയതാണെങ്കിലും തുടര്‍നടപടികളുണ്ടായില്ല. നിലവില്‍ ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തുന്നുവെന്നതാണ് പ്രതീക്ഷ.
സർവേക്കെതിരെ വയനാട് പ്രകൃതി സംരക്ഷണസമിതി
കൽപറ്റ: പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാതയുടെ സർവേ നടപടികൾക്കെതിരെ വയനാട് പ്രകൃതി സംരക്ഷണസമിതി രംഗത്ത്. പാരിസ്ഥിതിക ദുർബല പ്രദേശത്തുകൂടിയുള്ള സർവേ വനം നിയമങ്ങൾക്കെതിരെയാണെന്നും അനധികൃതമാണെന്നും ആരോപിച്ച് സമിതി പ്രസിഡന്റ് എൻ. ബാദുഷ കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പി.സി.സി.എഫ് (വിജിലൻസ്), കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയം സെക്രട്ടറിക്ക് തുടങ്ങിയവർക്കാണ് പരാതിനൽകിയത്. പ്രഖ്യാപിത മലബാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ് പാത കടന്നുപോകുന്നത്. വനപ്രദേശത്തെ സർവേ അനധികൃത ഇടപെടലാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

