വർക്കല ക്ലിഫിൽ ദമ്പതിമാരെ ഉപദ്രവിച്ച യുവാവ് പിടിയിൽ
text_fieldsവർക്കല: വിനോദ സഞ്ചാരികളായെത്തിയ ദമ്പതിമാരെ ഉപദ്രവിച്ച യുവാവ് പിടിയിൽ. ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹോസ്പിറ്റലിനു സമീപം തോട്ടുപറമ്പിൽ വീട്ടിൽ അമൽ ബൈജു (25) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല നോർത്ത്‌ക്ലിഫിന് സമീപത്തു വച്ചാണ് ഇയാൾ ദമ്പതിമാരെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ടൂറിസം പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ നോർത്ത്‌ക്ലിഫ് ഭാഗത്തെ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.
ലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയുടെ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമായി. വിവരമറിഞ്ഞ് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജു പിടിയിലായത്. വർക്കല പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്നാൽ സംഭവം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം രാത്രി 1.30 ന് ദമ്പതികളുടെ വീട്ടിലെത്തിയ മൂവർ സംഘം ഭീഷണിപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ട് വർക്കല പോലീസിൽ പരാതി നൽകിയതായും വിവരമുണ്ട്. ഈ പരാതിയിൽ മൂവർ സംഘത്തിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. അഞ്ച് വർഷം മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ആ കേസിലെ പ്രതിയാണ് അമൽ ബൈജുവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

