മെഡി.കോളജിൽ യെല്ലോ ഫിവർ; വാക്സിനേഷൻ കേന്ദ്രം തുറന്നു
text_fieldsതിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിൽ യെല്ലോ ഫിവർ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: സൗത്ത് അമേരിക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് സന്ദർശനത്തിനായി പോകുന്ന യാത്രക്കാർക്ക് യെല്ലോ ഫിവർ പ്രതിരോധ കുത്തിെവയ്പ് നൽകുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിൽ യെല്ലോ ഫിവർ വാക്സിനേഷൻ കേന്ദ്രം തുറന്നു. ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ ഇതുവരെ യെല്ലോ ഫിവർ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഈ രോഗം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലെല്ലാം മലയാളികളുണ്ട്. അവിടങ്ങളിൽ ജോലിക്കു പോകുന്ന മലയാളികൾക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വാക്സിനേഷൻ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമുള്ള ചില ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന ഗുരുതരമായ വൈറസ് രോഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവർത്തനമാരംഭിച്ച യെല്ലോ ഫിവർ വാക്സിനേഷൻ കേന്ദ്രം കേരളത്തിൽ നാലാമത്തേതാണ്. കൊച്ചി പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, കൊച്ചിയിലെ തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് മറ്റ് യെല്ലോ ഫിവർ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജീവിത കാലത്തേക്കു മുഴുവൻ ഒരു കുത്തിവയ്പു മതിയാകും.
ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റാഫ് പാറ്റേൺ മാറ്റി ആരോഗ്യ വകുപ്പിൽ പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് കഴിയുന്നത്ര ആൾക്കാരെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇപ്പോൾ കുറച്ചു ഡോക്ടർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 30ന് നടക്കുന്ന പി.ജി പരീക്ഷയ്ക്കു ശേഷം അവർ ജോലിയിൽ പ്രവേശിക്കും. പി.എസ്.സി റാങ്ക് പട്ടിക ഇല്ലാത്തയിടങ്ങളിൽ എംപ്ലോയ്മെന്റ് വഴി നിയമനം നടത്തുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
മെഡിക്കൽ കോളജ് ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. മുരളീധരൻ എം.എൽ. എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്.എസ്.സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്.നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റീജണൽ ഡയറക്ടർ ഡോ.വി.എൽ.ഹരിത, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.രഞ്ജു രവീന്ദ്രൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.സി.ജി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

