ചുമട്ടുതൊഴിലാളികൾ വക അധികകൂലി സമ്മർദ്ദവും അടിയും; രണ്ടുപേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: ലോഡു കയറ്റാൻ അധികകൂലി ആവശ്യപ്പെട്ട ചുമട്ടുതൊഴിലാളികൾ സ്ഥാപനത്തിലെ ജീവനക്കാരനെയും ഡ്രൈവറെയും മർദിച്ചതായി പരാതി. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വേണാട് പോളിമർ എന്ന സ്ഥാപനത്തിൽ ഉൽപന്നം കയറ്റാനെത്തിയ ലോറി ഡ്രൈവർ കടയ്ക്കൽ സ്വദേശി രാജീവ് (45), ഫാക്ടറി ഇൻ ചാർജ് ആര്യനാട് സ്വദേശി മുജീബ് (44) എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇരുവരെയും നേമം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു യൂനിയനിൽപ്പെട്ട നാല് ചുമട്ടുതൊഴിലാളികൾക്കെതിരെ നേമം പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഒന്നര വർഷത്തോളം സാങ്കേതിക കാരണങ്ങളാൽ അടഞ്ഞുകിടന്ന ഫാക്ടറി ആറുമാസം മുമ്പാണ് തുറന്നത്. പഴയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൊടിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയക്കുകയാണ് ഫാക്ടറിയിൽ ചെയ്യുക. ആറുമാസംമുമ്പ് നിശ്ചയിച്ച കയറ്റിറക്ക് കൂലിയിൽനിന്ന് 22 ശതമാനം വർധന വേണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടു. 10 ദിവസമായി ഇതുസംബന്ധിച്ച് തർക്കം നിലനിൽക്കുന്നു. ദിവസങ്ങളായി ലോഡ് കയറ്റാനോ ഇറക്കാനോ തൊഴിലാളികൾ തയാറാകുന്നില്ലെന്ന് ഫാക്ടറി മാനേജർ ഹാഷീം ഹൈദരാലി പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് ലോറിയെത്തിയപ്പോൾ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. അസോസിയേഷൻ സെക്രട്ടറി നേതാക്കളുമായും ബന്ധപ്പെട്ടു. കൂലി കൂട്ടി നൽകാതെ ലോഡ് കയറ്റേണ്ടെന്നും, ഫാക്ടറിയിലെ തൊഴിലാളികളെകൊണ്ട് ലോഡ് കയറ്റുന്നത് അനുവദിക്കേണ്ടതില്ലെന്നും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽനിന്ന് നിർദേശമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, രാത്രി ഏഴോടെ ഫാക്ടറി ജീവനക്കാർ ലോഡ് കയറ്റവേയാണ് നാല് ചുമട്ടുതൊഴിലാളികളെത്തി രാജീവിനെ മർദിച്ചത്. വാഹനത്തിൽനിന്ന് വലിച്ചിറക്കി നെഞ്ചിലും മുഖത്തും അടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. തടയാൻ ശ്രമിച്ച മുജീബിന്റെ മുഖത്തും അടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി രേഖകൾ ഉൾപ്പെടെയാണ് നേമം പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

