ഇനിയെന്ന് തുറക്കുമീ വനിത ഹോസ്റ്റൽ
text_fieldsവനിത ഹോസ്റ്റലിനുവേണ്ടി ആറ്റിങ്ങൽ നഗരസഭ നിർമിച്ച കെട്ടിടം
ആറ്റിങ്ങല്‍: നിർമാണം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ആറ്റിങ്ങല്‍ നഗരസഭയുടെ വനിത ഹോസ്റ്റല്‍ പ്രവർത്തനം ആരംഭിച്ചില്ല. ജോലിക്കും പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി ഇതര ജില്ലകളില്‍നിന്ന് നിരവധി വനിതകള്‍ ആറ്റിങ്ങൽ എത്തുന്നുണ്ട്. വാടക വീടുകളിലോ സ്വകാര്യ ഹോസ്റ്റലുകളിലോ ആണ് അവര്‍ താമസിക്കുന്നത്.
നഗരസഭയുടെ ഹോസ്റ്റല്‍ തുറന്നാല്‍ ഇവരില്‍ കുറച്ചുപേർക്കെങ്കിലും വലിയ ആശ്വാസമാകും. ഉദ്ഘാടനം ചെയ്ത കൗൺസിലിനു ശേഷം രണ്ട് കൗൺസിലുകൾ മാറി വന്നു. എന്നിട്ടും ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ മാത്രം തീരുമാനമായില്ല. വലിയകുന്നില്‍ നഗരസഭയുടെ ഭൂമിയില്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് വനിത ഹോസ്റ്റല്‍ നിർമിച്ചത്. 20 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്.
കോവിഡ് കാലത്ത് നിരീക്ഷണത്തിലുള്ളവര്‍ക്ക് കഴിയാനായി ഹോസ്റ്റല്‍ തുറന്നുകൊടുത്തിരുന്നു. മഴക്കാലത്ത് വെള്ളം കയറിയ സ്ഥലങ്ങളില്‍നിന്ന് കുടുംബങ്ങളെ താമസിപ്പിക്കുവാനും സൗകര്യമൊരുക്കി. സമീപത്തെ അംഗൻവാടി അറ്റകുറ്റപ്പണി നടന്ന സമയത്ത് പ്രവർത്തനത്തിന് കെട്ടിടം ഉപയോഗിച്ചു. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പ് ഓഫിസും പ്രവർത്തിച്ചു. ഹോസ്റ്റലായി മാത്രം ഇതുവരെ പ്രവർത്തിച്ചില്ല. കുടുംബശ്രീ മുഖാന്തരം ഹോസ്റ്റൽ പ്രവർത്തിപ്പിക്കും എന്ന വാഗ്ദാനവും നടപ്പിലായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

