കാലവർഷമെത്താറായി, റോഡുപണി എന്ന് തീരും?
text_fieldsകിളിമാനൂർ: ‘സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം, കാലവർഷവുമിങ്ങെത്തി. റോഡുപണി എന്ന് തീർക്കും കരാറുകാരാ?’ അടയമൺ, തൊളിക്കുഴി നിവാസികളുടെ ചോദ്യമാണിത്. നിർമാണം തുടങ്ങി ആറുമാസമാകുമ്പോഴും കുറവൻകുഴി-അടയമൺ-തൊളിക്കുഴി റോഡ് പകുതിപോലും പൂർത്തിയാക്കാനായിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണി ജനുവരി ആദ്യവാരമാണ് ആരംഭിച്ചത്. ആദ്യം കുടിവെള്ളം മുട്ടിച്ച് ഒരുമാസം ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
പിന്നാലെ റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗർത്തങ്ങളുണ്ടാക്കി ഗതാഗതതടസ്സപ്പെടുത്തി. അപകടങ്ങൾ തുടർക്കഥയായപ്പോൾ നിരവധി തവണ നാട്ടുകാർ പരാതി ഉന്നയിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചെവിക്കൊണ്ടില്ല. തുടർന്ന് പ്രതിഷേധമുയർത്തി നാട്ടുകാർ ഏപ്രിൽ 25ന് നിർമാണ പ്രവർത്തനം തടഞ്ഞു. അന്നേദിവസം എം.എൽ.എയും പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറും കരാറുകാരന്റെ പ്രതിനിധിയും നാട്ടുകാരുമായി ചർച്ച നടത്തുകയും ഒരാഴ്ചയ്ക്കകം കുറവൻകുഴി മുതൽ അടയമൻ വരെ റോഡ് റീടാർ ചെയ്യുമെന്ന് ഉറപ്പ് നൽകി.
അടയമൺ മുതൽ ആനന്ദൻമുക്ക് വരെ ഒരാഴ്ചകാലം റോഡ് അടച്ച് തേരിയിൽ സ്ലാബിന്റെ നിർമാണവും റോഡിന്റെ ഒരുവശം ഇളക്കി മെറ്റൽ ഇടുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. കുറവൻകുഴി അടയമൺ റീടാറിങ് കഴിഞ്ഞാൽ ഉടൻ തൊളിക്കുഴി വരെ ടാർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയായില്ല. അടയമൺ മുതൽ തൊളിക്കുഴി വരെ റോഡിന്റെ ഒരു വശം പകുതിയോളം വലിയ ആഴത്തിൽ കുഴിയെടുത്തെങ്കിലും മൊത്തത്തിൽ മെറ്റലിട്ട് നികത്താതെ അപകടാവസ്ഥയിൽ ഇട്ടിരിക്കുകയാണ്.
അടയമൺ എൽ.പി.എസ്, അടയമൺ യു.പി.എസ്, തൊളിക്കുഴി എൽ.പി.എസ്, കിളിമാനൂർ ഗവ.എച്ച്.എസ്.എസ്, രാജാരവിവർമ സ്കൂളുകൾ, തട്ടത്തുമല എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഒരു കിലോമീറ്ററോളം കുത്തുനെ കയറ്റമുള്ള അടയമൺ-തൊളിക്കുഴി റോഡിൽ അപകടസാധ്യത ഏറെയാണ്. ഒരുമാസത്തിലധികമായി ഭഗവതിയറക്കാവിന് സമീപം തൊളിക്കുഴി ഇറക്കത്തിന്റെ ഒടുക്കം വലിയകുഴി കുഴിച്ചിട്ടിരിക്കുകയാണ്.
ഒരു മുന്നറിയിപ്പ് ബോർഡ് പോലും അവിടെ സ്ഥാപിച്ചിട്ടില്ല. കരാറുകാരന്റെ മെല്ലെപ്പോക്കിന് ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിൽക്കുന്നതായാണ് ആരോപണം. സ്കൂൾ തുറക്കുന്നതിന് മുമ്പായി പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കാനാണ് തൊളിക്കുഴി-അടയമൺ കൂട്ടായ്മകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

