എന്നു തുറക്കും ഈ വിശ്രമമന്ദിരം?
text_fieldsഅടച്ചിട്ടിരിക്കുന്ന എസ്.എ.ടി ആശുപത്രിയോടുചേര്‍ന്നുള്ള വിശ്രമമന്ദിരം
മെഡിക്കല്‍ കോളജ്: എസ്.എ.ടി ആശുപത്രിയോടുചേര്‍ന്ന് അടച്ചിട്ടിരിക്കുന്ന വിശ്രമമന്ദിരം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം. തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ളതാണ് വിശ്രമമന്ദിരം. 2001-2003 കാലഘട്ടങ്ങളില്‍ ജനകീയാസൂത്രണം കേരള വികസന പദ്ധതിയിലുള്‍പ്പെടുത്തി പണികഴിപ്പിച്ച മന്ദിരം തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനം നടന്നുവെങ്കിലും കാലക്രമേണ അടച്ചിടുകയായിരുന്നു.
കോടികള്‍ മുടക്കി പണിത ഈ ഇരുനിലക്കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. ജില്ലക്കുപുറത്തുനിന്ന് എത്തുന്ന രോഗികളായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏറെ അനുഗ്രഹമായിരുന്ന വിശ്രമമന്ദിരമാണ് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ കാരണം അടച്ചിട്ടിരിക്കുന്നത്. വിശ്രമ മന്ദിരം അടിച്ചിട്ടതിനുശേഷം ഇതോടുചേര്‍ന്നുള്ള ശുചിമുറികൾ മാത്രമാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഏക ആശ്രയം.
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും അമ്മമാര്‍ക്ക് വിശ്രമിക്കുന്നതിനും ഏറെ സൗകര്യപ്രദമായ തരത്തിലാണ് മന്ദിരം സജ്ജമാക്കിയിട്ടുള്ളത്. എസ്.എ.ടിയിലെത്തുന്ന രോഗികളായ വയോജനങ്ങള്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നു അടച്ചിട്ടിരിക്കുന്ന ഈ വിശ്രമമന്ദിരം. വിശ്രമമന്ദിരം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കൃത്യമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും എന്നാല്‍ കാലക്രമേണ വിശ്രമമന്ദിരത്തിനുള്ളില് പ്രവേശിക്കണമെങ്കില്‍ മൂക്കുപൊത്തേണ്ട അവസ്ഥയിലെത്തിച്ചേര്‍ന്നതായും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. എന്നാല്‍, വിശ്രമമന്ദിരത്തിനുള്ളില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും എത്രയും വേഗം എസ്.എ.ടിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിശ്രമമന്ദിരം തുറന്നുകൊടുക്കുമെന്നുമാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

