ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ മൂക്ക് അറ്റു തൂങ്ങി; പ്രതി ഒളിവിൽ
text_fieldsപോത്തൻകോട്: ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. കൊയ്ത്തൂർക്കോണം താഴെ കുന്നു കാട് കാവുവിള വീട് എസ്. സുധയ്ക്കാണ് (49) പരിക്കേറ്റത്. ആക്രമണത്തിൽ യുവതിയുടെ മൂക്കിന്റെ ഭാഗം അറ്റു തൂങ്ങി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ പാണൻവിളാകത്ത് ബന്ധുവിൻ്റെ മരണ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തിൽ പിന്നാലെ ഒളിവിൽ പോയ പ്രതി അനിൽ കുമാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പോത്തൻകോട് പഞ്ചായത്തിലെ മുൻ പഞ്ചായത്തംഗമാണ് അനിൽകുമാർ.2019 മുതൽ ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്താണ് മൂന്ന് പെൺമക്കളുമായി ജീവിക്കുന്നത്. ഞായറാഴ്ച ബന്ധുവിൻ്റെ മരണവീട്ടിൽ വച്ച് ഒരു പ്രകോപനവുമില്ലാതെ ഇടുപ്പിൽ കരുതിയിരുന്ന കത്തിയെടുത്ത പ്രതി കൊല്ലുമെന്ന് പറഞ്ഞ് യുവതിയെ വെട്ടുകയായിരുന്നു. കഴുത്തിന് നേരെയെത്തിയ കത്തിമുനയിൽ നിന്ന് ഒഴിഞ്ഞ് മാറിയപ്പോഴാണ് മൂക്കിന് വെട്ടേറ്റത്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്.
പതിനഞ്ചോളം തുന്നൽ കെട്ടുകളാണ് മൂക്കിനുള്ളത്. പരിക്കേറ്റ സുധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

