ജല അതോറിറ്റി 529 കോടികൂടി തടയരുത്; മന്ത്രിയെ സമീപിച്ച് യൂനിയനുകൾ
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിക്ക് പൊതുടാപ്പ് വഴി പഞ്ചായത്ത് മേഖലകളിൽ ശുദ്ധജലം വിതരണം ചെയ്തതിന്റെ കുടിശ്ശികയായി അനുവദിച്ച 529 കോടി രൂപ തടഞ്ഞുവക്കരുതെന്ന് ആവശ്യപ്പെട്ട് യൂനിയനുകൾ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു. 529 കോടി രൂപയിൽനിന്ന് ജീവനക്കാർക്ക് കൊടുത്തുതീർക്കാനുള്ള അനുകൂല്യവും ജി.പി.എഫിൽനിന്ന് വകമാറ്റിയ തുകയും തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
വിഷയം മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും സംസാരിച്ചെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. 529 കോടി ജല അതോറിറ്റിക്ക് വിനിയോഗിക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ചാൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഓഫിസർമാരുടെ സംഘടനയായ ‘അക്വാ’യുടെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയന്റെയും (സി.ഐ.ടി.യു) ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 31ന് തദ്ദേശ സ്ഥാപനങ്ങൾ വഴി നഗരമേഖലയിൽ പൊതുടാപ്പ് വഴി ശുദ്ധജലവിതരണം ചെയ്തതിന്റെ തുകയായ 719 കോടി രൂപ ഇതുപോലെ അനുവദിക്കുകയും തിരികെ സർക്കാർ കൊണ്ടുപോയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്തുകൾ നൽകേണ്ട തുക അനുവദിച്ചത്. ട്രഷറി അക്കൗണ്ടിൽനിന്ന് ഈ തുകയും ധനവകുപ്പ് തടഞ്ഞുവെക്കുമോയെന്ന ആശങ്കയിലാണ് ജല അതോറിറ്റി.
കെ.എസ്.ഇ.ബിക്ക് വൈദ്യുത നിരക്കിനത്തിൽ ജല അതോറിറ്റി കുടിശ്ശികയുള്ളതിനാൽ നേരത്തേ അനുവദിച്ച 719.166 കോടി ചെലവഴിക്കാൻ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ധനവകുപ്പ്. 719.166 കോടി വിനിയോഗിച്ച് പെൻഷൻകാരുടെ കുടിശ്ശിക ആനുകൂല്യ വിതരണമടക്കം വിവിധ പദ്ധതികൾ ജല അതോറിറ്റി ലക്ഷ്യമിട്ടെങ്കിലും ധനവകുപ്പ് പണം തടഞ്ഞുവെച്ചത് തിരിച്ചടിയായി. ഇതിനിടെയാണ് 529 കോടി ജല അതോറിറ്റിയുടെ ട്രഷറി അക്കൗണ്ടിലേക്ക് അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

