വിഴിഞ്ഞം തുറമുഖം കണ്ടെയ്നർ നീക്കം വിജയകരം; കാത്തിരിപ്പ് റെയില്‍, റോഡ് കണക്ടിവിറ്റിക്കായി...
text_fieldsചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിഴിഞ്ഞം തുറമുഖം സന്ദർശിക്കുന്നു
തിരുവനന്തപുരം: കടൽ മാർഗമുള്ള കണ്ടെയ്നർ നീക്കം വിജയകരമായി നടന്നെങ്കിലും വിഴിഞ്ഞം തുറമുഖം പൂർണതയിലെത്തണമെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും ആരംഭിക്കണം. സംസ്ഥാനത്തിന്റെ വ്യാപാര, വാണിജ്യ മേഖലയിൽ തുറമുഖത്തിന്റെ ഗുണഫലങ്ങൾ എത്തണമെങ്കിൽ റോഡ്, റെയിൽ കണക്ടിവിറ്റി പ്രധാനമാണ്. ഇവ പൂർത്തിയാക്കാൻ കടമ്പകൾ ഏറെയുണ്ടെന്നതാണ് യാഥാർഥ്യം.
കണ്സഷന് എഗ്രിമെൻറ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാത സ്ഥാപിക്കേണ്ടത് 2022 മേയിലായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. അദാനി പോർട്സുമായുള്ള സപ്ലിമെൻററി കണ്സഷന് കരാര്‍ പ്രകാരം റെയില്‍ പാത സ്ഥാപിക്കേണ്ട സമയപരിധി 2028 ഡിസംബര്‍ ആയി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കൊങ്കണ്‍ റെയില്‍ കോര്പറേഷന് ലിമിറ്റഡിനെയാണ് റെയിൽ പാത സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയത്. കെ.ആർ.സി.എൽ തയാറാക്കിയ ഡി.പി.ആർ പ്രകാരം 10.7 കിലോ മീറ്റർ ദൈര്‍ഘ്യമുള്ള റെയിൽ പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ 9.02 കിലോ മീറ്ററും ടണലിലൂടെ കടന്നുപോകും.
5.526 ഹെക്ടര്‍ സ്ഥലമേറ്റെടുക്കല്‍ (198 കോടി രൂപ) ഉള്‍പ്പെടെ 1482.92 കോടി രൂപയാണ് റെയിൽ പാതക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. കെ.ആർ.സി.എൽ തയാറാക്കിയ ഡി.പി.ആർ ദക്ഷിണ റെയില്‍വേയുടെ അംഗീകാരം 2022 മാര്‍ച്ചില്‍ തന്നെ ലഭിച്ചിരുന്നു. പദ്ധതിക്കാവശ്യമായ പാരിസ്ഥിതികാനുമതിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ലഭ്യമായിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽപാത സ്ഥാപിക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചരക്കുകള്‍ റെയില്‍ മാര്‍ഗം വിഴിഞ്ഞം തുറമുഖത്തിലെത്തിച്ച് കയറ്റുമതി ചെയ്യാന്‍ സാധിക്കും. റെയില്‍ പദ്ധതിയുടെ ഡി.പി.ആറിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി നിർമാണം ആരംഭിക്കാൻ ടെണ്ടർ വൈകാതെ കൊങ്കൺ റെയിൽവേ ക്ഷണിക്കുമെന്നാണ് സൂചന.
തുറമുഖത്തേക്കുള്ള റെയിൽപാത യാഥാർഥ്യമാകുന്നതുവരെ താൽക്കാലികമായി കണ്ടെയ്നര്‍ റെയില്‍ ടെര്‍മിനല്‍ (സി.ആർ.ടി) വിഴിഞ്ഞത്തോടടുത്ത് നിലവിലെ റെയില്‍ പാതയില്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ ദക്ഷിണ റെയിൽവേയുമായി നടന്നുവരുന്നു. റെയില്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ റെയില്‍ മാര്‍ഗമുള്ള ചരക്കുനീക്കം ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കിലോ മീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.
എന്നാൽ, അപ്രോച്ച് റോഡ് തലക്കോട് എന്‍.എച്ച് 66മായി യോജിക്കുന്ന ജങ്ഷന്റെ (ഇൻറർസെക്ഷൻ) രൂപരേഖ ദേശീയപാത അതോറിറ്റി അംഗീകരിച്ചെങ്കിലും തുറമുഖത്തിലെ ചരക്കുനീക്കവും നിര്‍ദ്ദിഷ്ട ഔട്ടര്‍ റിങ് റോഡില്‍നിന്നുള്ള ചരക്കുനീക്കവും കണക്കിലെടുത്ത് ദേശീയപാത അതോറിറ്റി ‘ക്ലോവര്‍ ലീഫ് ഡിസൈൻ’ നിർദേശിച്ചു.
തുടർന്ന് പുതിയ ഡിസൈന്‍ പ്രകാരം അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക വഹിക്കുന്നത് സംബന്ധിച്ചും സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകൾ നടത്തുന്നുണ്ട്. പുതുക്കിയ ഡിസൈന്‍ പ്രകാരം ജങ്ഷന് നിർമാണം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്. ഇത് കണക്കിലെടുത്ത് തുറമുഖത്തില്‍നിന്ന് റോഡ് മുഖാന്തരമുള്ള ചരക്കുനീക്കം പ്രാവര്‍ത്തികമാക്കാൻ താല്‍ക്കാലിക സംവിധാനങ്ങള്‍ ക്രമീകരിക്കാനുള്ള പദ്ധതി ദേശീയപായി അതോറിറ്റിയുമായി ബന്ധപ്പെട്ട് നടത്തുന്നതായി തുറമുഖ വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

