വിഴിഞ്ഞം ഫിഷിങ് ഹാർബർ നവീകരണം:നടപടികൾ ഊർജിതമാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമീഷനിങ്ങിന് പിന്നാലെ വിഴിഞ്ഞം ഫിഷിങ് ഹാർബർ നവീകരണ നടപടികളും വേഗത്തിലാക്കി സർക്കാർ. ഇതിനായി തയാറാക്കിയ 48 കോടി രൂപയുടെ പദ്ധതി രൂപരേഖയും വിഴിഞ്ഞം സൗത്ത് ഫിഷ് ലാന്റിങ് സെന്റർ നവീകരിക്കുന്നതിന് തയാറാക്കിയ 25 കോടി രൂപയുടെ പദ്ധതി രൂപരേഖയും കേന്ദ്ര സർക്കാർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള പദ്ധതിയാണ് നടപ്പാക്കുക.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി നിർമിച്ചിട്ടുളള പുലിമുട്ടിനോട് ചേർന്നും നിലവിലുളള വിഴിഞ്ഞം ഫിഷിങ് ഹാർബറിന്റെ സീവേഡ് പുലിമുട്ടും ലീവേഡ് പുലിമുട്ടും പ്രയോജനപ്പെടുത്തി 250 കോടി രൂപ ചെലവില്‍ പുതിയ ഫിഷിങ് ഹാർബർ വലിയ കടപ്പുറം ഭാഗത്ത് നിർമിക്കുന്ന പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.
വിഴിഞ്ഞം തെക്ക് മത്സ്യം കരക്കടുപ്പിക്കൽ കേന്ദ്രം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം എന്നിവിടങ്ങളിൽ പരമ്പരാഗത യാനങ്ങൾ സുരക്ഷിതമായി കരക്കടുപ്പിക്കുന്നതിനായി ഡ്രഡ്ജിങ് നടത്തി മണ്ണ് നിക്ഷേപിച്ച് തീരം പുന:സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് പ്രധാന്യം നൽകുമ്പോൾ മത്സ്യമേഖലയിലെ പദ്ധതികൾക്കും പരിഗണന നൽകണമെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്.
വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം കമീഷൻ ചെയ്തതിനോടനുബന്ധിച്ച് വകുപ്പ് മന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മത്സ്യബന്ധന മേഖലക്ക് നൽകുന്ന പരിഗണന ആവർത്തിച്ചിരുന്നു.
എട്ട് കോടി രൂപ ചെലവില്‍ നിലവിലെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ 80 കിടക്കകളുള്ള താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയര്‍ത്തുന്നതിനായുള്ള നടപടികള്‍ ആരോഗ്യവകുപ്പും ആരംഭിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വിവിധ തൊഴിലുകളില്‍ തൊഴിലന്വേഷകരുടെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി അസാപ് നൈപുണ്യ പരിശീലന കേന്ദ്രം കോട്ടപ്പുറത്ത് സ്ഥാപിച്ചതും തീരവാസികൾക്ക് ഗുണകരമാവുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
തദ്ദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയില്‍ കോട്ടപ്പുറത്ത് സീഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതിയും വൈകാതെ നടപ്പാക്കും.
തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 3.3 ദശ ലക്ഷം ലിറ്ററിന്റെ പ്ലാന്റില്‍ നിന്നുള്ള കുടിവെള്ളം പദ്ധതി പ്രദേശത്ത് വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ പദ്ധതി പ്രദേശത്തെ ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിനായി കോട്ടപ്പുറം പ്രദേശത്ത് 1.74 കോടി രൂപയുടെ പദ്ധതി പ്രകാരം ആയിരത്തോളം കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ നല്‍കിയായും ഫിഷറീസ് വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

