മസ്ജിദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്ര ഭാരവാഹികള്‍
text_fieldsമരുതുംമൂട് മസ്ജിദില്‍ വേങ്കമല ക്ഷേത്ര ഭാരവാഹികള്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന്
വെഞ്ഞാറമൂട്: പുല്ലമ്പാറ മരുംതുംമൂട് വേങ്കമല ഭഗവതി ക്ഷേത്രം ഭാരവാഹികൾ മരുതുംമൂട് മസ്ജിദില്‍ നോമ്പുതുറ ഒരുക്കി. 12 വര്‍ഷമായി റമദനിലെ ഒരു ദിവസം മസ്ജിദില്‍ ക്ഷേത്രം ഭാരവാഹികൾ ഇഫ്താര്‍ വിരുന്നൊരുക്കുന്ന പതിവുണ്ട്. അത് ഇക്കുറിയും തുടരുകയായിരുന്നു.
നോമ്പുതുറക്ക് മുമ്പായി പൂജാരിയും ക്ഷേത്ര ഭാരവാഹികളും മസ്ജിദിലെത്തുകയും മത സൗഹാര്‍ദം നിലനിർത്തുന്നതിനും നാടിന്റെ ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന്, ബാങ്കുവിളി കേട്ടതോടെ സമൂഹ നോമ്പുതുറക്കുള്ള വേദിയായി മസ്ജിദ് അങ്കണം മാറി. വിശ്വാസികള്‍ മഗ്രിബ് നമസ്‌കരിക്കാന്‍ പോയപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ നോമ്പുകാര്‍ക്കുള്ള ഭക്ഷണം മേശകളില്‍ ഒരുക്കുന്ന തിരക്കിലായിരുന്നു. നമസ്‌കാരാനന്തരം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. പരസ്പരം ആശംസകള്‍ നേർന്ന ശേഷമാണ് എല്ലാവരും പിരിഞ്ഞത്.
ഇഫ്താർ സംഗമം നടത്തി
തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) തിരുവനന്തപുരം, മിഡിൽ ഈസ്റ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹ്റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് പൊഴിയൂർ ഷാജി അധ്യക്ഷതവഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എം. ബെനഡിക്ട് ഉദ്ഘാടനം ചെയ്തു. പൊഴിയൂർ ജമാഅത്ത് ഇമാം ലുക്ക്മാനുൽ ഹക്കീം മൗലവി റമദാൻ സന്ദേശം നൽകി. ഫാ. ആന്‍റോ ജോറിസ്, പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനൻ, മുൻ പ്രസിഡന്റ് പൊഴിയൂർ ജോൺസൺ, ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ശ്രീധരൻ നായർ, കുളത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഭുവനീന്ദ്രൻ നായർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡൻസ്റ്റൻ സി. സാബു, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് രാജ്, ഗീത സുരേഷ്, സറാഫിൻ, മേഴ്സി ജോൺ, വിജയൻ, ലൈല, മുൻ മെംബർമാരായ എ. ലീൻ, എച്ച്. ദമായൻസ്, ക്ലബ് ഭാരവാഹികളായ വിക്ടർ വിൻസെൻറ്, ഐവിൻ എന്നിവർ സംസാരിച്ചു. പ്രഭാകരൻ, മിക്കേൽ പിള്ള ഇഗ്നേഷ്യസ്, കമലി സുനി, ഉബാൾഡ് ആരുളപ്പൻ എന്നിവരെ ആദരിച്ചു. ഫ്രെഡിട്ട് സ്വാഗതവും ജഗൻ മത്യാസ് നന്ദിയും പറഞ്ഞു. സിറാജുദ്ദീൻ, ആൽബി ആൻറണി, കൃഷ്ണപിള്ള വിജി, രതീഷ് ബാബു, വിനോദ് വിൻസെന്‍റ് , അന്തോണിയപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
കാട്ടാക്കട: ഇറയംകോട് മുസ്ലിം ജമാഅത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചീഫ് ഇമാം അൽ അമീൻ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അജീബ് അധ്യക്ഷതവഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, അജുഷ റഹ്‌മാൻ ഉന്നാനി, റവ. ജോസ് അബ്രോസ്, സത്യദാസ് പൊന്നെടുത്തകുഴി, കട്ടക്കോട് തങ്കച്ചൻ, ലിജു സാമുവേൽ, രാഘവലാൽ, എം.എം. ഷഫീഖ് എന്നിവർ സംസാരിച്ചു.
പൂവച്ചൽ: ഉറിയാക്കോട് യവനിക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൊതുസ്ഥലത്ത് നോമ്പുതുറ സംഘടിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ധനുഷ് പ്രിയ, മെർലിൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സത്യനേശൻ, സെക്രട്ടറി ശരത്‌ലാൽ, ട്രഷറർ ശ്രീകണ്ഠൻ തുടങ്ങിയവരുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.