വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ രണ്ടാമത്തെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചു. പൂജപ്പുര ജയിലിൽ ആത്മഹത്യാശ്രമത്തിനിടെ ഗുരുതര പരിക്കേറ്റ കേസിലെ ഏക പ്രതി അഫാൻ (23) മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോഗ്യ നിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെയാണ് രണ്ടാമത്തെ കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത്.
അഫാന്റെ പിതാവ് റഹീമിന്റെ സഹോദരൻ എസ്.എൽ പുരം ചുള്ളാളം ജസ്ല മൻസിലിൽ അബ്ദുൽ ലത്തീഫ് (60), ഭാര്യ ഷാഹിദ (55) എന്നിവരെ വീട്ടിലെത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കിളിമാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
അഫാന്റെ പിതൃമാതാവ് പാങ്ങോട് എലിച്ചുഴി പുത്തൻ വീട്ടിൽ സൽമാ ബീവിയെ (95) കൊലപ്പെടുത്തിയതിന് പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽകൂടി പ്രതിയാണ് അഫാൻ. സഹോദരൻ അഹ്സാൻ (13), പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തുകയും മാതാവ് ഷെമിയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലുമാണ് കുറ്റപത്രം സമർപ്പിക്കാനുള്ളത്.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ച 543 പേജുള്ള കുറ്റപത്രത്തിൽ പണം നൽകാത്തതാണ് ലത്തീഫിനെ കൊലപ്പെടുത്താൻ കാരണമെന്ന് പറയുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
അഫാന്റെ മാതാവ് ഷെമി നടത്തിയ ചിട്ടിയുടെ തുക ആവശ്യപ്പെട്ടതാണ് ശത്രുതക്കുള്ള പ്രധാന കാരണം. വീട് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കണമെന്നും സാമ്പത്തിക പ്രതിസന്ധി കാരണം ഗൾഫിൽ കുടുങ്ങിയ പിതാവ് റഹീമിനെ തിരിച്ച് എത്തിക്കണമെന്നും ലത്തീഫ് അഫാനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലത്തീഫ് അഫാനെയും കുടുംബത്തെയും കുറ്റപ്പെടുത്തിയിരുന്നതായും പറയുന്നു. ഒപ്പം പെൺസുഹൃത്ത് ഫർസാനയുമായുള്ള അടുപ്പം എതിർത്തതും വൈരാഗ്യത്തിനിടയാക്കിയതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലത്തീഫിന്റെ ഭാര്യ ഷാഹിദയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും എന്നാൽ, കൃത്യം ചെയ്യുന്നതിനിടെ അവർ അടുത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമുള്ള അഫാന്റെ മൊഴിയും കുറ്റപത്രത്തിൽ ആവർത്തിക്കുന്നു. 110 സാക്ഷികളെയും116 തൊണ്ടി മുതലും സി.സി ടിവി ദൃശ്യങ്ങളടക്കം 70 ഡിജിറ്റൽ തെളിവും കോടതിയിൽ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

