വെങ്ങാനൂർ; വെങ്ങാനൂർ പിടിക്കാൻ കടുത്ത പോരാട്ടം
text_fieldsജി.എസ്. കല (എൽ.ഡി.എഫ്), ആഗ്നസ് റാണി
(യു.ഡി.എഫ്), വി. ലതാകുമാരി (എൻ.ഡി.എ)
കോവളം: ജില്ല പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിൽ തീപാറും പോരാട്ടം. മൂന്ന് വട്ടം ഇടതും രണ്ട് പ്രാവശ്യം കോൺഗ്രസും ഒരിക്കൽ ബി.ജെ.പിയും വിജയിച്ച വെങ്ങാനൂർ ഇക്കുറി ആർക്കൊപ്പം നിൽക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുമ്പ് ഇവിടെ നിന്ന് വിജയിച്ച പരിചയസമ്പന്നരെ കോൺഗ്രസും, ബി.ജെ.പിയും കളത്തിലിറക്കിയപ്പോൾ സീറ്റ് നിലനിർത്താൻ ഹയർ സെക്കൻഡറി റിട്ട. പ്രിൻസിപ്പലിനെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ് പോര് കടുപ്പിക്കുന്നത്. വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളും കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ 24 വാർഡുകളും പള്ളിച്ചൽ പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടെ 46 വാർഡുകൾ ചേർന്നതാണ് വെങ്ങാനൂർ ജില്ല പഞ്ചായത്ത് ഡിവിഷൻ.
ഇടതുപക്ഷത്തിന്റെ കൈയിലെ ഡിവിഷൻ ഇക്കുറി തിരിച്ചുപിടിക്കാൻ വോട്ടർമാർക്ക് സുപരിചിതയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആഗ്നസ് റാണിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. 2000ൽ ഇതേ ഡിവിഷനിൽ നിന്ന് 7500 ൽപരം വോട്ടുകൾക്ക് വിജയിച്ച ചരിത്രവുമുണ്ട്. 2010ൽ നേമം ബ്ലോക്കിലെ അന്തിയൂർ ഡിവിഷനിൽ നിന്ന് വിജയിച്ച് നേമം ബ്ലോക്ക് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് കന്നിയങ്കക്കാരിയാണെങ്കിലും ഡിവിഷനിൽ വൻ ശിഷ്യ സമ്പത്തിന്റെ ഉടമയായ റിട്ട. അധ്യാപിക ജി.എസ്. കലയെ ഇടതുപക്ഷം അങ്കത്തിനിറക്കിയത്. 2005 മുതൽ 2019 വരെ വെങ്ങാനൂർ ചാവടിനട ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും പ്രിൻസിപ്പലുമായിരുന്ന കല സ്ഥലം മാറിപ്പോയെങ്കിലും വെങ്ങാനൂരുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. കഴിഞ്ഞതവണ ഭഗത് റൂഫസിലൂടെ വിജയം കണ്ട ഡിവിഷനിലെ ഇടത് അടിത്തറയും സ്ഥാനാർഥിയുടെ വലിയ ശിഷ്യ സമ്പത്തും ഇത്തവണയും വാർഡ് നിലനിർത്താൻ തുണയാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്.
ഇടതുപക്ഷത്തെയും കോൺഗ്രസിനെയും നേരിട്ട് വിജയം കൊയ്ത പരിചയസമ്പന്നതയുമായാണ് ഡിവിഷൻ പിടിച്ചെടുക്കാൻ ബി.ജെ.പി സ്ഥാനാർഥിയായ വി. ലതാകുമാരി കളം പിടിച്ചത്. 2010ൽ കല്ലിയൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്ന ലതാകുമാരി 2015ൽ ഇടതു- വലതു മുന്നണികളെ ഞെട്ടിച്ച് അഞ്ഞൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡിവിഷനിൽ ജയിച്ച് കയറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ജില്ല പഞ്ചായത്തിലേക്കുള്ള മത്സരത്തിന് നിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

