ഉച്ചവരെ ഹാവൂ... മൂഡിൽ പിന്നെ കൂട്ടലും കിഴിക്കലുമായി സ്ഥാനാർഥികൾ;ഉള്ളിൽ അങ്കലാപ്പിന്റെ മൂഡുള്ളവരും പുറമെ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്
text_fieldsസർഗാത്മക ചിത്രം
തിരുവനന്തപുരം: ഹാവൂ... ആത്മഗതവുമായി അൽപം ആശ്വാസത്തിന്റെ മൂഡിലായിരുന്നു വെള്ളിയാഴ്ച സ്ഥാനാർഥികൾ. തിളയ്ക്കുന്ന ചൂടിൽ അതിനെവെല്ലുന്ന പ്രചാരണ ചൂടുമായി ഓടിനടന്ന നാളുകളിൽനിന്ന് തെല്ല് ആശ്വാസത്തിന്റെ കരയണഞ്ഞ ദിനമായിരുന്നു അവർക്ക് വെള്ളിയാഴ്ച. രാവിലെ മണ്ഡലത്തിലെ വിവാഹവീടുകളിലും മരണവീടുകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു. നാളുകൾക്കുശേഷം മിക്കവരും കുടുംബവുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു. അത് സാധ്യമായത് മിക്കവർക്കും വലിയ ആശ്വാസമായി. പാർട്ടിയുടെ പ്രധാന നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങൾ വിലയിരുത്തി. ഉച്ചയൂണ് കഴിഞ്ഞ് എല്ലാം മറന്ന് ഉറക്കത്തിലാണ്ടവരുമുണ്ട്.
വൈകീട്ടോടെ വീണ്ടും പാർട്ടി ഓഫിസുകളിലെത്തി വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുതലങ്ങളിൽനിന്ന് പ്രവർത്തകർ നൽകിയ പ്രാഥമിക കണക്കുകൾ വിലയിരുത്തി. വോട്ടെടുപ്പ് ദിവസം കാര്യങ്ങൾ നേരത്തെ തീരുമാനിച്ച നിലയിൽ തന്നെ നടന്നോ, പാളിച്ചകളോ കൂടുതൽ മെച്ചമോ ഉണ്ടായോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി.
അവസാന ലാപിൽ സംഭവിച്ച അടിയൊഴുക്കുകൾ പ്രവർത്തകരിൽനിന്ന് മനസിലാക്കി. അന്തിമമായി പ്രതീക്ഷക്ക് വകയുണ്ടോ എന്നതിൽ അനുമാനങ്ങളിലെത്തി. അതോടെ രാവിലെ ഉണ്ടായ ആശ്വാസത്തിന്റെ മൂഡ് പോയി വീണ്ടും മനസ് കലുഷിതമായവരുണ്ട്. മുഖത്ത് കൂടുതൽ ആശ്വാസത്തിന്റെ ചിരി വിരിഞ്ഞവരുമുണ്ട്. ഉള്ളിൽ അങ്കലാപ്പിന്റെ മൂഡുള്ളവരും പുറമെ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

