വിട്ടുമാറാതെ രോഗങ്ങളും തുടർച്ചയായ മരണവും; ചോദ്യമുനയിൽ ശിശുക്ഷേമം
text_fieldsതിരുവനന്തപുരം: വിട്ടുമാറാതെ രോഗങ്ങൾ, കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിലെ വിവാദം, തുടർച്ചയായ ശിശുമരണങ്ങൾ. ചോദ്യമുനയിലായി ശിശുക്ഷേമസമിതി. പനിയും വയറിളക്കവും മുണ്ടിനീരും അടുത്തിടെ ശിശുക്ഷേമ സമിതിയിലെ കുട്ടികളെ വേട്ടയാടി. നിരവധി കുട്ടികൾ ആശുപത്രിയിലുമായി. ഇപ്പോൾ ചില കുട്ടികൾ രോഗാവസ്ഥയിലുമാണ്. ഇതിനിടെയാണ് ഒരുമാസത്തിനിടെ രണ്ട് പിഞ്ചുകുട്ടികളുടെ മരണം സംഭവിച്ചത്.
വിവാദങ്ങൾ തുടർക്കഥയായ സമിതിയിൽ കുറച്ചുനാൾ മുമ്പ് കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വിവാദച്ചൂട് അടങ്ങുന്നതിന് മുമ്പാണ് സമിതിയിൽ രണ്ട് ശിശുമരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തത്.
അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പരിശോധന നടത്തും. ആരോഗ്യ വകുപ്പിനു കീഴിലുള്ള വനിതാ ശിശുവികസന വകുപ്പിനാണ് ശിശു ക്ഷേമസമിതിയുടെ നിയന്ത്രണം.
അസ്വാഭാവിക മരണങ്ങളുണ്ടാകുമ്പോൾ സംഭവത്തെ നിസ്സാരവൽക്കരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ അങ്ങനെ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചതെന്നുമാണ് അധികതർ പറയുന്നത്. സമിതിയിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്താൽ വനിത ശിശുവികസന വകുപ്പിനെയും ആരോഗ്യമന്ത്രിയെയും കൃത്യമായി അറിയിക്കാറുണ്ടെന്നും സമിതി ഭാരവാഹികൾ പറയുന്നു.
ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ നിയമനങ്ങളും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധി ക്കുകയാണെന്ന ആരോപണവുമുണ്ട്. രണ്ടര വയസ്സുകാരിയെ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
കുഞ്ഞിനെ ഉപദ്രവിച്ചതിനും ഇക്കാര്യങ്ങൾ മറച്ചുവെച്ചതിനുമാണ് കേസ്. സംഭവമുണ്ടായപ്പോൾ, മുറിവുകൾ സാരമുള്ളതല്ലെന്നും നഖം കൊണ്ട് നുള്ളിയ പാടുകൾ മാത്രമാണ് കുഞ്ഞിന്റെ ശരീരത്തിൽ ഉള്ളതെന്നുമാണ് സമിതി അന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

