‘വാട്ടർ ടാങ്കിലും നീന്തൽക്കുളത്തിലും അമീബ’; നഗരത്തിൽ രണ്ടുപേർക്ക് അമീബീക് ജ്വരം ബാധിച്ചത് വെള്ളത്തിൽ നിന്ന്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുപേരിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമായ അമീബ സാന്നിധ്യം ഉപയോഗിച്ച വെള്ളത്തിൽ കണ്ടെത്തി. പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലും വീട്ടിലെ വാട്ടർടാങ്കിലും അമീബ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ കുളിച്ച 17 വയസുകാരന്റെ രോഗബാധക്ക് കാരണം ഇതാണെന്ന് സ്ഥിരീകരിച്ചു.
മറ്റൊരു മധ്യവയസ്കനിലും കഴിഞ്ഞദിവസം രോഗം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നുള്ള സാമ്പിളിലും അമീബ സാന്നിധ്യം കണ്ടെത്തി. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടതിനാൽ സാമ്പിളുകൾ അതിനായിഅയച്ചിട്ടുണ്ട്. കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിച്ചതായ സാഹചര്യം ഇദ്ദേഹത്തിന് ഇല്ലാത്തതിനാലാണ് കൂടുതൽ പരിശോധന വേണ്ടിവന്നിരിക്കുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും സുഖംപ്രാപിച്ചുവരുന്നു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലേക്ക് ജലഅതോറിറ്റി പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കിലും നീന്തൽകുളത്തിലും അമീബ സാന്നിധ്യം കണ്ടെത്തി എന്നത് ആശങ്ക വർധിപ്പിക്കുന്നു. ടാങ്കിൽ ഒരിനം അമീബയും നീന്തൽക്കുളത്തിൽ രണ്ടുതരം അമീബയുമാണ് പരിശോധനയിൽ തെളിഞ്ഞത്.
വാട്ടർടാങ്കിൽ അമീബിക് ജ്വരത്തിന് കാണമാകുന്ന അമീബകളിൽ ഒന്നായ ‘അക്കാന്ത അമീബ’യുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. എന്നാൽ നീന്തൽക്കുളത്തിലാകട്ടെ ‘അക്കാന്ത അമീബ’ യോടൊപ്പം രോഗകാരണമാകുന്ന ‘നേഗ്ലറിയ ഫൗലേറി’ എന്ന അമീബയെയും കണ്ടെത്തി. മധ്യവയസ്കന് രോഗം വന്നവഴി കൂടുതൽ പരിശേധനയിലാണ്. ഇദ്ദേഹത്തിന്റെ വീട്ടിലെ ജലതോറിറ്റി വെള്ളമാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ വാട്ടർടാങ്കിൽ ‘നേഗ്ലറിയ ഫൗലേറി’ അമീബിയ സാന്നിധ്യമാണ് കണ്ടെത്തിയതെങ്കിൽ അദ്ദേഹത്തെ ബാധിച്ചത് ‘അക്കാന്ത അമീബ’യാണ്.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഇതുവരെ 21 പേരാണ് മരിച്ചത്. നിലവിൽ ഇരുപതിലേറെ രോഗികളാണ് സംസ്ഥാനത്ത് വിവിധ മെഡിക്കൽ കോളജുകളിൽ ചികിത്സയിലുള്ളത്.
രോഗകാരണമായ അമീബകളെ പൈപ്പ് വെള്ളത്തിലും കാണപ്പെടുന്നുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിന്റെ ഉപയോഗം അപകടകരമാണ്. അതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തിലെ ക്ലോറിനേഷൻ തോത് ഉയർത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഒരുലിറ്റർ വെള്ളത്തിന് 0.2മില്ലി ഗ്രാം ക്ലോറിനാണ് ജലഅതോറിറ്റി ഉപയോഗിക്കുന്നത്. ഇത് 1-3 വരെ ഉയർത്തണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ജലഅതോറിറ്റി പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

