ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് ആഴ്ചകൾ; കിളിമാനൂർ ടൗൺ ഗതാഗതക്കുരുക്കിൽ
text_fieldsകിളിമാനൂർ: കിളിമാനൂർ ടൗണിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ. തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ കഴിയാതെ അപകടഭീതിയിലാണ് നാട്ടുകാർ. സംസ്ഥാന പാതയിൽ ആറ്റിങ്ങൽ റോഡ് കൂടി സന്ധിക്കുന്ന ടൗണാണ് കിളിമാനൂർ മുക്ക് റോഡ്. ആറ്റിങ്ങൽ, പള്ളിക്കൽ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ പത്ത് മിന്നിട്ടുകൾക്കിടയിലും ടൗണിൽ പ്രവേശിക്കുന്നത്. ഇതിന് സമീപത്താണ് പഞ്ചായത്ത് ബസ് സ്റ്റാൻഡുള്ളത്. കിളിമാനൂർ വലിയ പാലം മുതൽ ശില്ല ജങ്ഷൻ വരെ റോഡിന് വീതി കുറവാണ്. ഈ ഭാഗത്ത് റോഡിന് ഇരുവശവും നടപ്പാത ഇരുമ്പുവേലികെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗങ്ങളിലായി അനവധി വാഹനങ്ങളാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്.
രണ്ടാഴ്ച മുമ്പ് അമിതവേഗത്തിൽ വന്ന വാഹനമിടിച്ച് ടൗണിൽ സിഗ്നൽ ലൈറ്റുകളിൽ ഒന്ന് തകർന്നിരുന്നു. അറ്റകുറ്റപ്പണി ചെയ്തെങ്കിലും സിഗ്നൽ സംവിധാനം യഥാവിധി പ്രവർത്തിക്കുന്നില്ല. സിഗ്നൽ ലൈറ്റ് തകർന്ന് ദിവസങ്ങളായിട്ടും പൊലീസ് ബദൽ സംവിധാനമൊരുക്കിയിട്ടില്ല. രണ്ടുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ശനിയാഴ്ച രാവിലെ 11നുശേഷം മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. ഇതിനിടയിൽ നിരവധി ആമബുലൻസുകളും കുരുക്കിൽ കുടുങ്ങി. ടൗണിൽനിന്ന് 150 മീറ്റർ മാത്രം അകലെയുള്ള പൊലീസിൽണ്‍വിവരമറിയിച്ചിട്ടും പൊലീസ് എത്തിയത് അരമണിക്കുറുകൾ കഴിഞ്ഞാണ്.
കിളിമാനൂർ-പോങ്ങനാട് റോഡിൽ എൽ.പി, ഹൈസ്കൂൾ, മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കവലയൊഴികെ മറ്റൊരിടത്തും രാവിലെയോ വൈകീട്ടോ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് എത്താറില്ല. പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.
മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും പൊലീസ് സൂരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് യുവജന-വിദ്യാർഥി സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

