ഓണാരവത്തിലേക്ക് ‘കുഞ്ഞൻ വാഹനവിപണി’യും
text_fieldsതിരുവനന്തപുരം ജി.പി.ഒക്ക് സമീപം വഴിയരികിൽ വിൽപ്പനക്കെത്തിച്ച കളിപ്പാട്ട കാറുകൾ
തിരുവനന്തപുരം: ഓണത്തിരക്കിന് നടുവിൽ കുഞ്ഞൻ വാഹനവിപണിയും സജീവം. പല വലിപ്പത്തിലുള്ള കളിവണ്ടികളുടെ വലിയ ശേഖരമൊരുക്കിയ ഈ വഴിയോരത്തട്ട് കൗതുകക്കാഴ്ചകൾക്കുകൂടി വഴിതുറക്കുന്നു. 20 മുതൽ 2000 രൂപവരെയുള്ള കളിപ്പാട്ട കാറുകൾ ഇവിടെ കാണാം. ഓരോ ട്രേകളിലും ഓരോ വലിപ്പത്തിലുള്ള വണ്ടികൾ. കാറും ജീപ്പും ഓട്ടോയും ബൈക്കും പലതരം റൈസിങ് വാഹനങ്ങളും മുതൽ വിമാനങ്ങൾ വരെ ഇവിടെയുണ്ട്.
ലോഹത്തിൽ നിർമിച്ച ഏറ്റവും ചെറിയ വാഹനത്തിന് 20 രൂപയാണ് വില. ബാറ്ററിയിട്ടാൽ ലൈറ്റ് തെളിയുന്നവ, ഡോറുകൾ തുറക്കാൻ കഴിയുന്നവ, വിൻഡേജ് കാറുകളുടെ മാതൃകയിലുള്ളവ, പഴയ അംബാസിഡർ മോഡലുകൾ, ആംബുലൻസുകൾ, പൊലീസ് വാഹനങ്ങൾ എന്നിങ്ങനെ വെറൈറ്റികൾ നിരവധി. പിന്നിലേക്ക് നിരക്കിയാൽ സ്പ്രിങ് ആക്ഷനിൽ മുന്നിലേക്ക് കുതിക്കുന്ന കാറുകളാണെല്ലാം.
തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശി ഷാഹുൽഹമീദാണ് വിപണിയുടെ ഉടമ. ഉത്സവക്കച്ചവടമായിരുന്നു മുമ്പ്. പ്രാരബ്ധങ്ങൾ മൂലം കളിപ്പാട്ടങ്ങളില്ലാത്ത കുട്ടിക്കാലമായിരുന്നു ഷാഹുലിന്റേത്. അതാണ് കളിപ്പാട്ടങ്ങളോട് കമ്പമുണ്ടാകാൻ കാരണം. ഇദ്ദേഹത്തിന് സഹായികളായി മൂന്ന് സെയിൽസ്മാൻമാർ കൂടിയുണ്ട്.
കാറുകൾ ചിട്ടയോടെ തട്ടിൽ നിരത്താൻ ഒരു മണിക്കൂർ വേണം. തിരികെ പെട്ടികളിൽ അടുക്കാനും അത്രയും അത്രനേരമെടുക്കും. മഴ പെയ്താൽ ഒന്നാകെ മൂടാൻ ടാർപോളിൻ ഷീറ്റും കരുതിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ ബി.എസ്.എൻ.എൽ മതിലിനോട് ചേർന്നായിരുന്നു ആദ്യം കച്ചവടം. അവിടെ തിരക്കായതോടെ ജി.പി.ഒക്ക് സമീപത്തേക്ക് വന്നു. രണ്ട് ദിവസത്തിനകം പഴയ സ്ഥലത്തേക്ക് മടങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

