മൂന്നംഗ കവര്‍ച്ച സംഘം പിടിയില്‍
text_fieldsപാങ്ങോട്: ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളില്‍ നിരവധി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പാങ്ങോട് പൊലീസ് പിടികൂടി. കല്ലറ കെ.ടി കുന്ന് സ്വദേശി മുഹമ്മദ് ഖാന് (32), കടയ്ക്കല്‍ ചിതറ സ്വദേശി അഫ്സല് (32), നെടുമങ്ങാട് തൊളിക്കോട് സ്വദേശി സമീര്‍ (28) എന്നിവരാണ് പിടിയിലായത്
കല്ലറ കെ.ടി കുന്ന് പച്ചയില്മുക്ക് മുല്ല മന്‍സിലില്‍ സൈബയുടെ വീട്ടില്‍ ചൊവ്വാഴ്ച ആളില്ലാത്ത സമയത്ത് പിന്‍വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍ കയറി ലാപ് ടോപ്പ് അടക്കമുള്ള സാധനങ്ങള്‍ കവര്‍ന്ന സംഭവത്തിലെ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
പാങ്ങോട് കൊച്ചാലുംമൂട്ടില്‍ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാനൂറോളം റബര്‍ ഷീറ്റുകളും സംഘം കവര്‍ച്ച ചെയ്തിരുന്നു. പാങ്ങോടിന് പുറമെ വര്‍ക്കല, കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലും നിരവധി മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി പോലീസിന് തെളിവുകള്‍ ലഭിച്ചു.
ഇതു സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങിനെ: കോഴിക്കടകളില്‍ എത്തിക്കുന്ന വാഹനത്തില്‍ ജോലി നോക്കുന്ന ഇവര്‍ പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ നോക്കി വെക്കുകയും രാത്രികാലങ്ങളില്‍ വാടകക്ക് എടുക്കുന്ന കാറുകളില്‍ സഞ്ചരിച്ച് മോഷണം നടത്തുകയുമായിരുന്നു. ഷമീര്‍ ആണ് മോഷണ സമയങ്ങളില്‍ കാര്‍ ഓടിക്കുക. ഇയാള്‍ മോഷണം നടത്തുന്ന വീടിന് സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പരിസരം നിരീക്ഷിക്കുകയും മറ്റ് രണ്ടുപേര്‍ ഈ സമയം മോഷണം ചെയ്യുന്ന രീതിയാണുള്ളത്. കവര്‍ച്ചക്ക് ശേഷം മോഷണ മുതലുകള്‍ വിറ്റ് പങ്കുവച്ച് ആര്‍ഭാട ജീവിതം നയിക്കും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശനിയാഴ്ച വാടക്കെടുത്ത സ്വിഫ്റ്റ് കാറില്‍ മറ്റൊരു മോഷണത്തിനു പോകുന്നതിനിടെ സ്വകാര്യ വാഹനത്തില്‍ വന്ന പോലീസ് സംഘത്തെ കണ്ട് വാഹനം അമിത വേഗതയില്‍ വിട്ടു. പിന്തുടര്‍ന്ന പോലീസ് സംഘത്തെ നിരവധി തവണ വാഹനം ഇടിക്കാന്‍ ശ്രമിച്ച് മുന്നോട്ടു പോകവെ കടയ്ക്കല്‍ മുക്കുന്നം ഭാഗത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ തടയാന്‍ ശ്രമിച്ചെങ്കിലും ഇടിച്ച് തെറിപ്പിച്ച് കടന്നു. വാഹനം ചുണ്ട ഭാഗത്തുവച്ച് സാഹസികമായി പോലീസ് പിടി കൂടുകയായിരുന്നു. പാങ്ങോട് എസ്.എച്ച്.ഒ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിജിത്ത് കെ. നായര്‍, ജോയ്, ജോയ്, സിവിൽ പൊലീസ് ഓഫീസര്‍ നസീം, സുജിത്ത് നിസാര്‍, ബിനു, സുധീര്‍, ഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

