ബൈക്ക് റേസിങ് എതിര്‍ത്തയാളുടെ വീട് തകര്‍ത്ത മൂന്നുപേര്‍ പിടിയില്‍
text_fieldsവിജയരാജ്, മണികണ്ഠന്, വിശേഷ്
നേമം: മൂന്നംഗസംഘം നടത്തിയ ബൈക്ക് റേസിങ്ങിനെ ചോദ്യംചെയ്ത യുവാവിന്റെ വീട് അടിച്ചുതകര്‍ത്ത സംഘം പിടിയില്‍. പാപ്പനംകോട് പൂന്തോപ്പ് ലക്ഷംവീട് കോളനിയില്‍ കുഞ്ഞുവാവ എന്നുവിളിക്കുന്ന വിജയരാജ് (25), നെടുങ്കാട് സോമന് നഗര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന മണികണ്ഠന് (21), നെടുങ്കാട് അനില്‍ നഗര്‍ ടി.സി 21/782 (1)ല്‍ വാടകക്ക് താമസിക്കുന്ന വിശേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കേസിന്നാസ്പദമായ സംഭവം. നെടുങ്കാട് മങ്ങാട്ടുകോണം കുളച്ചിവിള വീട്ടില്‍ നാഗരാജന്റെ മകന് ശിവകുമാര്‍ (39) ആണ് ആക്രമണത്തിനിരയായത്. സംഭവസമയം ബൈക്ക് റേസിങ് നടത്തുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്തതാണ് കാരണം. പ്രകോപിതരായ സംഘം കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി എത്തുകയും ശിവകുമാറിന്റെ വീട് അടിച്ചുതകര്‍ക്കുകയുമായിരുന്നു.
വാതില്‍, ജനാലകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ തകര്‍ത്തശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്. കരമന എസ്.ഐ സന്ദീപ്, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒ സുമേഷ്, ഹോംഗാര്‍ഡ് ശ്രീകുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.