ഇരുതലമൂരിയെ ചാക്കിനുള്ളിൽ കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു
text_fieldsതിരുവനന്തപുരം: ബാലരാമപുരം ഐത്തിയൂരിന് സമീപം ഇരുതലമൂരിയെ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇതുസംബന്ധിച്ച് ഊർജിത അന്വേഷണം വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് വീടിന് മുന്നിൽ ചാക്കിൽ കെട്ടിയനിലയിൽ ഇരുതലമൂരിയെ നാട്ടുകാർ കണ്ടത്.
വിവരം പൊലീസിനെയും പൊലീസ് വനംവകുപ്പിനെയും അറിയിക്കുകയും വനംവകുപ്പ് പരുത്തിപ്പള്ളി റെയിഞ്ചിന് കീഴിലെ ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ഇരുതലമൂരിയെ വിൽപനക്കായി കൊണ്ടുവന്നശേഷം ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ സംഭവം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി, സ്റ്റേറ്റ്മെന്റ് തയാറാക്കിയിട്ടുണ്ടെന്നും തട്ടിപ്പ് സംഘം കൊണ്ടുവന്നതായ സൂചനയൊന്നും ലഭിച്ചില്ലെന്നുമാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ പറയുന്നത്. ഇരുതലമൂരിയെ പേപ്പാറ ഉൾവനത്തിൽ കൊണ്ടുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇരുതലമൂരികളെ കടത്തുന്ന സംഘങ്ങൾ വ്യാപകം
വലിയവിലക്ക് ഇതിനെ വിൽപന നടത്തുന്ന സംഘം തലസ്ഥാന ജില്ലയിലടക്കം സജീവമാണ്. ബാലരാമപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ ഇതിന് പിന്നിലുണ്ടെന്നും കുറെനാൾമുമ്പ് ഈ ഭാഗങ്ങളിൽ നിന്ന് ഇരുതലമൂരിയുമായി ചിലസംഘങ്ങളെ വനംവകുപ്പ് പിടികൂടിയിട്ടുമുണ്ട്. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
എവിടെ നിന്ന് ഇതിനെ കൊണ്ടുവന്നു, ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് ഇതിനെ ചാക്കിൽ കയറ്റിയത് തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. തട്ടിപ്പ് സംഘങ്ങൾക്കിടയിൽ 50 ലക്ഷത്തിന് മുകളിൽവരെ ഇരുതലമൂരികൾക്ക് വിലയുണ്ടത്രെ. ഇവയെ വിൽപന നടത്തുന്നത് നാലുവർഷവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
വനത്തിൽ വിട്ടത് നിയമം പാലിച്ചോ..
ഷെഡ്യൂൾ (നാല്) ഇനത്തിൽ പെടുത്തി സംരക്ഷിക്കുന്ന ഇരുതലമൂരിയെ കണ്ടെടുത്താൽ ഒട്ടേറെ നിയമനടപടികളും പിന്നാലെ പാലിക്കണമെന്നാണ് വ്യവസ്ഥ. ഇരുതലമൂരിയെ വനത്തിൽ കൊണ്ടുവിടുംമുമ്പ് കോടതിയുടെ ഉത്തരവുകൂടി ശേഖരിക്കണം. വനത്തിൽ ഉപേക്ഷിച്ച് കഴിഞ്ഞാൽ ആ ചിത്രം സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയിൽ തിരികെ റിപ്പോർട്ട് ഹാജരാക്കണമെന്നുമാണ് വ്യവസ്ഥ. അതിവിടെ പാലിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. സാധാരണ പാമ്പുകളെ പോലെ പരിസരങ്ങളിൽ ഒരിക്കലും കാണാൻ കഴിയുന്നതല്ല ഇരുതലമൂരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

