കേരളത്തിലേത് നിക്ഷേപകർക്ക് അനുകൂലമായ ആവാസവ്യവസ്ഥ -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: നിക്ഷേപകർക്കും സംരംഭകർക്കും അനുകൂലമായ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപക സൗഹൃദ നയങ്ങൾക്കും പദ്ധതികൾക്കും സംസ്ഥാനം മുൻഗണന നൽകുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ‘ഹഡിൽ ഗ്ലോബൽ’ സംരംഭക സംഗമത്തിന്റെ ഏഴാംപതിപ്പിന്റെ അവസാന ദിവസം നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള വ്യവസായ സംരംഭകരിലേക്കുള്ള കേരളത്തിന്റെ കവാടമായി മാറിയിരിക്കുകയാണ് ഹഡിൽ ഗ്ലോബൽ. ഔപചാരികതയുടെ പരിമിതികൾ ഇല്ലാതെ നിക്ഷേപക മേഖലയിലെ ക്രിയാത്മകമായ ചർച്ചകൾക്കും ആശയ കൈമാറ്റങ്ങൾക്കുമുള്ള വേദി കൂടിയാണ് ഈ സ്റ്റാർട്ടപ്പ് ഉത്സവം.
2026ൽ 15000 സംരഭങ്ങൾ എന്ന വലിയ ലക്ഷ്യമാണ് സർക്കാരിന്റെത്. നിലവിൽ സംസ്ഥാനത്ത് 14,155 സ്റ്റാർട്ടപ്പുകൾ ഉണ്ട്. അതിൽ 7,600 എണ്ണത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചു. നൂതന സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കപ്പെടുന്ന സമൂഹത്തെ സൃഷ്ടിക്കുന്ന പുതിയ യുഗത്തിലേക്ക് കേരളം കടക്കുകയാണെന്നും സംരംഭകർക്ക് ആഗോളതലത്തിൽ വളരുന്നതിനുള്ള മൂലധനവും ആത്മവിശ്വാസവും സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നൈപുണ്യ പരിശീലനം എല്ലാവരിലേക്കും എത്തിച്ച് നാട്ടിൽ തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ലേബർ സ്പെഷൽ സെക്രട്ടറി എസ്. ഷാനവാസ്, ഐ.ടി സ്പെഷൽ സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി. അംബിക, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലസി, ഇൻഫോസിസ് കോ ഫൗണ്ടർ എസ്.ഡി. ഷിബുലാൽ, നടൻ നിവിൻ പോളി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

