കപ്പലപകടം കടലിൽ സൃഷ്ടിച്ചത് ഗുരുതര പ്രത്യാഘാതങ്ങൾ
text_fieldsഎം.എസ്.സി എൽസ-3
തിരുവനന്തപുരം: എം.എസ്.സി എൽസ -3 കപ്പൽ അപകടം കടലിന്റെ ജൈവ ആവാസ വ്യവസ്ഥക്കും മത്സ്യസമ്പത്തിന്റെ ലഭ്യതക്കും മത്സ്യത്തൊഴിലാളി ജീവിതങ്ങൾക്കും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ‘ഗ്രീൻപീസ് ഇന്ത്യ’ തയ്യാറാക്കിയ ധവളപത്രം. കപ്പൽച്ചേതം വെറുമൊരു അപകടമല്ലെന്നും കോർപ്പറേറ്റ് അവഗണനയാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കപ്പൽച്ചേതത്തിന്റെ പാരിസ്ഥിതിക- സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ധവളപത്രത്തിൽ വിശദീകരിക്കുന്നത്.
ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണം അപകടകാരികളായി തരംതിരിച്ചവയും 12 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയവയുമാണ്. കപ്പലിൽ 84.4 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമുണ്ടായിരുന്നു. ഇതാണ് ഗുരുതര പരിസ്ഥിതി ആശങ്കകൾ ഉയർത്തുന്നത്. കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന അസംസ്കൃത പ്ലാസ്റ്റിക് പെല്ലറ്റുകൾ മലിനീകരണത്തിന് സാധ്യതയുള്ളവയാണ്. ഇവ കേരള തീരത്ത് നിന്ന് ഒഴുകി തമിഴ്നാട്ടിലെ ധനുഷ്കോടി വന്യജീവി സങ്കേതത്തിലും മാന്നാർ ഉൾക്കടലിലെ യുനെസ്കോ ബയോസ്ഫിയർ റിസർവിലും ശ്രീലങ്കയുടെ മിക്ക തീരപ്രദേശങ്ങളിലും എത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതത്തെ നിഷ്പക്ഷമായി വിലയിരുത്തി നാശനഷ്ടത്തിന് ആനുപാതികമായി സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധവളപത്രം ആവശ്യപ്പെടുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വം കപ്പൽ കമ്പനി പൂർണ്ണമായും ഏറ്റെടുക്കണമെന്ന ആവശ്യവും ധവളപത്രം മുന്നോട്ടുവെക്കുന്നു. തലസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ധവളപത്രം പ്രകാശനം ചെയ്തത്.
ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ ജോർജ്ജ്, കോസ്റ്റൽ സ്റ്റുഡന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ്, ഗ്രീൻപീസ് ഇന്ത്യ കാമ്പയിനർ ആഖിസ് ഫാറൂഖ്, പ്രോഗ്രാം ഡയറക്ടർ ദിവ്യ രഘുനന്ദൻ, ആക്ടിവിസ്റ്റും കോസ്റ്റൽ വാച്ച് പ്രിതിനിധിയുമായ മേഴ്സി അലക്സാണ്ടർ, കോസ്റ്റൽ സ്റ്റുഡൻസ് കൾച്ചറൽ ഫോറം പ്രസിഡന്റ് രതിൻ ആന്റണി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജല- ജൈവ വൈവിധ്യത്തിൽ തീവ്ര വ്യതിയാനങ്ങൾ
പാറക്കെട്ടുകൾ നിരയിട്ടതും ചെങ്കൽപാളികൾ നിരന്നതുമായ കേരള -തമിഴ്നാട് സമുദ്ര ആവാസ വ്യവസ്ഥയും ശ്രീലങ്കയിലെ മാന്നാർ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറും തീരവും സവിശേഷമായ ജൈവവൈവിധ്യ മേഖലയാണ് . കടലിൽ സംഭവിക്കുന്ന ചെറിയ മലിനീകരണം പോലും ലോലമായ ജലജീവിസമ്പത്തിനെ ഗുരുതരമായി ബാധിക്കും. മൻസൂൺ കാലത്താണ് അപകടമുണ്ടായത് എന്നതും നിർണായകമാണ് . പ്രക്ഷുബ്ധമായ കടലിലെ വൻതിരകൾ മാലിന്യങ്ങളുടെ വ്യാപനം വേഗത്തിലാക്കുകയും മത്സ്യ പ്രജന കേന്ദ്രങ്ങളെ ഉൾപ്പെടെ മലിനീകരിക്കുകയും ചെയ്യും.
കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടയ്നുകളുടെ സാന്നിധ്യം ആശങ്കജനകമാണ്. കാൽസ്യം കാർബൈഡ് കടൽ ജലവുമായി പ്രതികരിക്കുമ്പോൾ അസൈറ്റിലിൻ വാതകവും കാൽസ്യം ഹൈഡ്രോക്സൈഡുമുണ്ടാകും. കാൽസ്യം ഹൈഡ്രോക്സൈഡ് ജലത്തിന്റെ ക്ഷാര ഗുണം വർധിപ്പിക്കും. ഇത് ജല- ജൈവവൈവിധ്യത്തിൽ തീവ്ര വ്യതിയാനങ്ങൾ സൃഷ്ടിക്കും. ഹൈഡ്രോ-കാർബണുകൾ കടൽ പക്ഷികളുടെ ചിറകിൽ അടിയുന്നത് മൂലം അവയ്ക്ക് പറക്കാനും ശരീരോഷ്മാവ് നിയന്ത്രിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്തും. ഇത് ഇവയുടെ നാശത്തിലേക്കാണ് വഴിതുറക്കുക.
ശുചീകരണം അസാധ്യമാക്കുംവിധം എണ്ണപ്പടർച്ച
എണ്ണമറ്റ ജല ജന്തുജാലങ്ങളുടെയും കടൽ പക്ഷികളുടെയും പ്രജനന കേന്ദ്രങ്ങളും ആഹാര സമ്പാദന മേഖലകളുമായി അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, മണൽ പരിപ്പുകൾ എന്നിവ എന്ന പാടകളാൽ മൂടിപ്പോകാൻ സാധ്യതയുണ്ട്. അതിലോലമായ ഈ പ്രദേശങ്ങളിൽ എണ്ണ പലർന്നിറങ്ങിയാൽ ശുചീകരണം അസാധ്യമാകുകയും ആവാസവ്യവസ്ഥ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും. ആഴ്ന്നിറങ്ങുന്ന എണ്ണ പവിഴപുറ്റുകളെയും സാരമായി ബാധിക്കും.
കേരള -തമിഴ്നാട് -ശ്രീലങ്കൻ തീരങ്ങളിലെ വംശനാശം നേരിടുന്ന വിവിധ മത്സ്യ ഇനങ്ങൾക്ക് കനത്ത ഭീഷണിയുമാണ്. വലിയ തോതിലുള്ള മൈക്രോ പ്ലാസ്റ്റിക് കണികളാണ് കോവളം, തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ മേഖലയിലെ തീരത്ത് അടിഞ്ഞത്. മൈക്രോ പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങൾ കടൽ പക്ഷികൾ കടലാമകൾ തുടങ്ങിയ സമുദ്ര ജീവികൾ ഭക്ഷണമായി തെറ്റിദ്ധരിക്കാം. മൈക്രോ പ്ലാസ്റ്റിക് അജീർണ്ണ വസ്തുക്കളായതിനാൽ വർഷങ്ങളോളം പരിസ്ഥിതിയിൽ തങ്ങിനിൽക്കുകയും ചെയ്യും.
മത്സ്യസമ്പത്തിൽ ആശങ്ക, വെല്ലുവിളി മത്സ്യത്തൊഴിലാളികൾക്കും
കപ്പൽച്ചേതവും അനുബന്ധ പ്രത്യാഘാതങ്ങളും കേരളത്തിലെ വൈവിധ്യപൂർണ്ണമായ മീൻപിടുത്ത മേഖലയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്. എണ്ണ ചോർച്ച നടന്നത് മീനുകളുടെ പ്രത്യുൽപാദനം നടക്കുന്ന കാലവർഷ കാലത്തായതിനാൽ മത്സ്യ സമ്പത്തിന് മുഴുവനായും തുടച്ചുമാറ്റുന്നു എന്ന ഭീതിയും നിലനിൽക്കുന്നു. ആരോഗ്യകരമായ സമുദ്ര ആവാസ വ്യവസ്ഥയെ ആശ്രയിക്കുന്ന തീരെ മേഖലയിലെ ജനസമൂഹത്തിന്റെ വലിയ ജീവൽ പ്രശ്നമായി മാറിയിരിക്കുകയാണ് കടലിലെ ഈ പാരിസ്ഥിതിക വിനാശം.
എണ്ണമലിനീകരണം മത്സ്യ മരണനിരക്ക് ഉയർത്തുകയും ഉൽപാദനക്ഷമത കുറയ്ക്കുകയും പൊതുവേയുള്ള മത്സ്യ ഉപഭോഗത്തിൽ കോട്ടം വരുത്തുകയും ചെയ്യും.വിവിധ മത്സ്യബന്ധന പ്രവർത്തനങ്ങൾ ഏർപ്പെടുന്ന 10.4 ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. കപ്പലപകടത്തിൽ തുടർന്ന് 20 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിൽ മീൻപിടുത്ത പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടത് മത്സ്യബന്ധന സമൂഹങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
ആഘാതം തിരിച്ചറിയണം -ഫാ.യൂജിൻ പെരേര
തിരുവനന്തപുരം: കപ്പൽ ദുരന്തം സൃഷ്ടിച്ച വലിയ അഘാതം പൊതുസമൂഹം തിരിച്ചറിയണമെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാദർ യൂജിൻ പെരേര വ്യക്തമാക്കി. ഇത്തരത്തിൽ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്നത് മറ്റെന്തെങ്കിലും താൽപര്യങ്ങളുടെ ഭാഗമാണോ എന്ന് സംശയമുണ്ട്. കപ്പൽ ദുരന്തത്തിന് പിന്നാലെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല. വളരെ വൈകി ഉത്തരവാദപ്പെട്ടവരെല്ലം നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് കേസെടുത്ത്. കപ്പൽദുരന്തം തീരജീവിതങ്ങൾക്ക് മാത്രമല്ല, കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നിലും ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്. വിഷയം പൊതുസമൂഹം ഏറ്റെടുക്കണം. അല്ലെങ്കിൽ നിലനിൽപ്പ് ഭീഷണിയിലാകും.
മത്സ്യ ലഭ്യതയിൽകുറവ് -ജാക്സൻ പൊള്ളയിൽ
തിരുവനന്തപുരം: കപ്പലപകടത്തിന് പിന്നാലെ മത്തി, അയില എന്നീ ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയിൽ വലിയ കുറവു വന്നിട്ടുണ്ടെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ പറഞ്ഞു. വർക്കല മുതൽ അമ്പലപ്പുഴ വരെയുള്ള 85 കിലോമീറ്ററാണ് മത്സ്യസമ്പത്ത് ഏറ്റവുമധികമുള്ള മേഖല. കപ്പൽ ദുരന്തം ഈ മേഖലയെ ഒന്നാകെ ബാധിക്കുകയാണ്. സീസണിലാണ് ദുരന്തവും നിയന്ത്രണങ്ങളുമെന്നതാണ് മറ്റൊരു തിരിച്ചടി.
വലയിൽ പ്ലാസ്റ്റിക് കയറുന്നത് മൂലം വലിയ നാശനഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്നത്. ജൂലൈയിൽ മാത്രം 40 ഓളം വള്ളങ്ങളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വല നഷ്ടപ്പെട്ടിട്ടുണ്ട്. അയല, മത്തി, നെത്തോലി പോലുള്ള ഉപരിതല മത്സ്യങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവുമധികം ലഭിക്കുന്നത്. ഇതും നഷ്ടപ്പെടുകയാണ്.
ട്രോളിങ് ബോട്ടുകൾക്ക് കപ്പൽ ഭീഷണി
ട്രോളിംഗ് നിരോധനം കഴിയാൻ മൂന്ന് ദിവസം മാത്രം ശേഷിക്കേ മെയ് 25ന് കേരളതീരത്തിനടുത്ത് അപകടത്തിൽപ്പെട്ട എം. എസ്.സി എൽസ - 3 കപ്പലിൽ നിന്നും കണ്ടെയ്നറുകളെ നീക്കം ചെയ്യാൻ നടപടി ഉണ്ടാകാത്തതിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ആയിരക്കണക്കിന് യന്ത്രവൽകൃത ട്രോളിംഗ് ബോട്ടുകൾ കടലിൽ ഇറങ്ങാനിരിക്കെ കടലിന്റെ അടിത്തട്ടിലുള്ള കപ്പലിന്റെ കെമിക്കലുകൾ നിറച്ച് കണ്ടെയ്നറുകളും മറ്റു വസ്തുക്കളും അപകടവും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് കണ്ടെയ്നറുകളെ എത്രയും വേഗം മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ല പ്രസിഡന്റ് അനുകൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ രാജു, പുതുക്കുറിച്ചി സലിം, ഉൾനാടൻ മത്സ്യത്തൊഴിലാളി സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പട്ടത്താനം, വർക്കല സബെഷൻ, ഫസലദീൻ, മാഹി സുരേന്ദ്രൻ, മരിയ ജസ്റ്റിൻ, മേരി വെട്ടുകാട്, സബീന ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

