സംസ്ഥാനത്ത് ആദ്യത്തെ സ്കിൻ ബാങ്ക് 15ന് തുറക്കും
text_fieldsമെഡിക്കൽ കോളജ്: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കിൻ ബാങ്ക് സജ്ജമായതായി മന്ത്രി വീണ ജോർജ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15ന് നടക്കും. കോട്ടയം മെഡിക്കൽ കോളജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
6.75 കോടി രൂപ ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവെക്കുന്നതിനായി ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമം സൂക്ഷിക്കുന്ന ഇടമാണ് സ്കിൻ ബാങ്ക്. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റവർക്ക് സ്വന്തം ചർമം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്കിൻ ബാങ്കിൽ സൂക്ഷിച്ച ചർമം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കും. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂനിറ്റുകൾ പ്രവർത്തിക്കുക. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളജുകളിൽ ബേൺസ് യൂനിറ്റുകൾ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളജുകളിൽ ഈ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളജുകളിൽ യൂനിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ കൂടി ബേൺസ് യൂനിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. യൂനിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യുന്നതിനും തീരുമാനിച്ചു.
മെഡിക്കൽ കോളജുകളിലെ ബേൺസ് ഐ.സി.യുവിൽ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാനും സഹായിക്കും. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികൾക്കുള്ള വിദഗ്ധ ചികിത്സയാണ് ബേൺസ് ഐ.സി.യുവിലൂടെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

