മുതലപ്പൊഴി: സാങ്കേതികത്തകരാർ, ഡ്രഡ്ജിങ് വൈകുന്നു
text_fieldsമുതലപ്പൊഴിയിൽ എത്തിച്ച രണ്ടാമത്തെ ഡ്രഡ്ജർ ചന്ദ്രഗിരി
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ഡ്രഡ്ജറെത്തി അഞ്ച് ദിവസമായിട്ടും ഡ്രഡ്ജിങ് ആരംഭിക്കാനായില്ല. പൊഴിയിൽ എത്തിച്ച രണ്ടാമത്തെ ഡ്രഡ്ജറിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് തടസ്സമാകുന്നത്. വ്യാഴാഴ്ച എത്തിക്കുമെന്ന് അറിയിച്ചിരുന്ന ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽനിന്ന് മുതലപ്പൊഴിയിൽ എത്തിയത് വെള്ളിയാഴ്ചയാണ്. ഇത് പൊഴിമുഖത്തേക്ക് കയറ്റുന്നതിന് മൂന്നുദിവസം വേണ്ടിവന്നു.
നദിയിൽനിന്നുള്ള ഒഴുക്കും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെ അതിജീവിച്ച് മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് ഡ്രഡ്ജർ പൊഴിമുഖത്തേക്ക് പ്രവേശിപ്പിച്ചത്. പൈപ്പുകളും അനുബന്ധ യന്ത്രസാമഗ്രികളും ഘടിപ്പിച്ച് ട്രയൽ റൺ നടത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ നിർത്തിവെക്കേണ്ടിവന്നു. മൂന്നുദിവസവും ട്രയൽ റൺ പ്രതീക്ഷിച്ചിരുന്നു. ഓരോരോ സാങ്കേതിക പ്രശ്നങ്ങൾ ട്രയൽ വൈകിപ്പിക്കുന്നു.
വ്യാഴാഴ്ച രാത്രി മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ട്രയൽ റൺ നടത്തിയാലെ ഉദ്യോഗസ്ഥരെ മടങ്ങാൻ അനുവദിക്കൂവെന്ന് മത്സ്യത്തൊഴിലാളികൾ നിലപാടെടുത്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ വാഹിദ്, ഇടവക വികാരി ജോൺ ബോസ്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
ഹൈട്രോളിക് പൈപ്പ് തകരാറിലായതാണ് നിലവിലെ പ്രശ്നം. തകരാർ പരിഹരിക്കാൻ എറണാകുളത്തുനിന്ന് വിദ്ഗദ്ധർ എത്തി. വെള്ളിയാഴ്ച രാത്രിയോടെ ട്രയൽ റൺ നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാൽ ശനിയാഴ്ച സമരം ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്. മേയ് പകുതിയോടെ പൊഴിമുഖം കൂടുതൽ പ്രക്ഷുബ്ധമാകാറുണ്ട്. അതിനാൽ മേയ് പകുതിക്കുള്ളിൽ പരമാവധി ഡ്രഡ്ജിങ് നടത്തിയില്ലെങ്കിൽ ഹാർബർ പൂർണമായി അടയുകയും ഡ്രഡ്ജിങ് തുടരാനാവാത്ത അവസ്ഥ വരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

