സൂപ്പർ ലീഗ് കേരള; കൊമ്പൻസിനെ ചട്ടം പഠിപ്പിക്കാൻ ഇനി ജെയിംസ് മക്ലൂൺ
text_fieldsതിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ തലസ്ഥാനത്തിന്റെ ഫുട്ബാൾ പെരുമയുടെ നെറ്റിപ്പട്ടം കെട്ടുന്ന തിരുവനന്തപുരം കൊമ്പൻസിനെ ചട്ടം പഠിപ്പിക്കാൻ ഇനി പുതിയ ആശാൻ. ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്സാന്ദ്രക്ക് പകരം രണ്ടാം സീസണിൽ ഇംഗ്ലീഷ് പരിശീലകൻ ജെയിംസ് മക്ലൂണിന് കീഴിലാണ് ഇനി കൊമ്പൻസിന്റെ കളികൾ.
ആദ്യ സീസണിൽ കൊമ്പന്മാരെ നയിച്ച ബ്രസീൽ താരം പാട്രിക് മോട്ട തന്നെയാണ് രണ്ടാം കൊമ്പൻസിന്റെ നായകൻ. കഴിഞ്ഞവർഷം ടീമിന്റെ ഭാഗമായിരുന്ന ബ്രസീലിയൻ സ്ട്രൈക്കർ ഓതമർ ബിസ്പോയെയും ഇത്തവണ ടീം നിലനിറുത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞവർഷം ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീൽ ഗോൾ കീപ്പർ മിഷേൽ അമേരിക്കോ,സെന്റർ ബാക്ക് റിനാൻ ഹനാരിയോ, സ്ട്രൈക്കർ മാർക്കോസ് വീൽഡർ എന്നിവരെ ഒഴിവാക്കി. ഇവർക്ക് പകരം ബ്രസീലിൽ നിന്നുതന്നെ നാല് താരങ്ങളെ ടീമിലെത്തിക്കാനും മാനേജ്മെന്റിന് കഴിഞ്ഞു.
അറ്റാക്കിങ് വിങ്ങറായി റൊണാൾ മക്കാലിസ്റ്റിൻ, സ്ട്രൈക്കറായി പൗലോ വിക്ടർ, പ്രതിരോധ നിരയിൽ യൂറി കാർവാലോ, ഫിലിപെ ആൽവസ് എന്നിവരാണ് പുതുതായി ടീമിനൊപ്പം ചേർന്ന വിദേശികൾ. ഇതോടെ ആറ് ബ്രസീലിയൻ താരങ്ങളാണ് ഇത്തവണയും കൊമ്പൻസിന്റെ മുഖമുദ്ര. എതിരാളികളുടെ ഗോൾ മുഖം വിറപ്പിക്കാൻ സ്ട്രൈക്കർ റോളിൽ വിഘ്നേഷ് മറിയയും ഷിഹാദ് നെല്ലിപ്പറമ്പനും ഉണ്ടാകും. സെന്റർ ബാക്കിൽ മുൻ ഇന്ത്യൻ ഫുട്ബാൾ സീനിയർ ടീം അംഗവും ഐ.എസ്.എല്ലിൽ എ.ടി.കെ, ചെന്നൈയിൻ എഫ്.സിക്കായും ബൂട്ടണിഞ്ഞിട്ടുള്ള രഞ്ജൻ സിങ് സലാമിനെ എത്തിക്കാനായത് നേട്ടമായിട്ടുണ്ട്.
മുഹമ്മദ് അഷർ, അബ്ദുൾ ബാദ്ഷാ, അഖിൽ ജെ ചന്ദ്രൻ എന്നിവരെ നിലനിർത്തിയപ്പോൾ കേരള സന്തോഷ് ട്രോഫി താരം സീസനെയും ചെന്നൈ താരം യു.ഗണേശൻ, മലയാളി താരങ്ങളായ കെ.പി.ശരത്, നവീൻ സുരേഷ്, സച്ചിൻ സാജു, വിഷ്ണു .ടി.എം എന്നിവരെ ഒഴിവാക്കി. ആര്യൻ സരോഹ, സത്യജിത്ത് ബോർദോയി, മലയാളി ശ്രീരാജ് രാജീവ് തുടങ്ങിയവരാകും ടീമിന്റെ ഗോൾവല കാക്കുക. അടുത്ത മാസം അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുമായിട്ടാണ് കൊമ്പൻസിന്റെ ആദ്യ മത്സരം.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് മത്സരം . കൊമ്പൻസിന്റെ എല്ലാ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനം പരിശീലകൻ ജെയിംസ് മക് ലൂണയും ക്യാപ്റ്റൻ പാട്രിക് മോത്തയും ചേർന്ന് രാജകുടുംബാഗം പൂയം തിരുനാൾ ഗൗരി പാർവതിഭായിക്ക് നൽകി നിർവഹിച്ചു. മത്സരത്തിന്റെ തലേദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് വിൽപനയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

