ബഹിരാകാശ വൈദ്യശാസ്ത്ര സഹകരണം; ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ഐ.എസ്.ആർ.ഒയും ധാരണയിൽ
text_fieldsതിരുവനന്തപുരം: ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്തെ സഹകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും പ്രാരംഭ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗഗൻയാന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം നടത്തുമെന്നും ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിൽ കരാർ നിർണായക നാഴികക്കല്ലാകുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.
ഗഗൻയാന് മുന്നോടിയായുള്ള മൂന്ന് മനുഷ്യരഹിത ദൗത്യങ്ങളിൽ ആദ്യത്തേതാണ് ഈ വർഷം നടത്തുക. ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ മനുഷ്യന് സംഭവിക്കുന്ന ജൈവപരവും ശാരീരികവും മാനസികവുമായുള്ള വെല്ലുവിളികൾ നേരിടാനും അതിനെ തരണംചെയ്യാനും സജ്ജമാക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോയി സുരക്ഷിതരായി തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ, ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്പേസ് സ്റ്റേഷൻ, ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ചാന്ദ്രദൗത്യം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികളിലെല്ലാം കരാർ നിർണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹ്യൂമൻ ഫിസിയോളജിക്കൽ സ്റ്റഡീസ്, ബിഹേവിയൽ ഹെൽത്ത് സ്റ്റഡീസ്, ബയോ മെഡിക്കൽ സപ്പോർട്ട് സംവിധാനങ്ങൽ, റേഡിയേഷൻ ബയോളജി ആൻഡ് മെഡിസിൻ എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകൾക്ക് സഹകരണം പ്രോത്സാഹനം നൽകും. ബഹിരാകാശത്തെ സാഹചര്യങ്ങളിൽ മനുഷ്യന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്താനും ടെലിമെഡിസിൻ ആൻഡ് കമ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ, ബഹിരാകാശ ദൗത്യങ്ങൾക്കുള്ള ക്രൂ മെഡിക്കൽ കിറ്റുകൾ എന്നിവ വികസിപ്പിക്കാനും കരാർ സഹായകമാകുമെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി പറഞ്ഞു.
ഡോ. സഞ്ജയ് ബിഹാരിയും ഐ.എസ്.ആർ.ഒ സയന്റിഫിക് സെക്രട്ടറി ഗണേഷ് പിള്ളയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ. സുനിൽകുമാർ, ശ്രീചിത്ര ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. മണികണ്ഠൻ, വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, എച്ച്.എസ്.എഫ്.സി ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

