സോളാർ: നിലവിലെ ഉപഭോക്താക്കൾക്ക് നെറ്റ് മീറ്ററിങ് തുടരുമെന്ന് കമീഷൻ
text_fieldsതിരുവനന്തപുരം: നിലവിൽ പുരപ്പുര സൗരോർജ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന എല്ലാവർക്കും നെറ്റ് മീറ്ററിങ് രീതി തുടരുമെന്ന് ആവർത്തിച്ച് റെഗുലേറ്ററി കമീഷൻ. കരട് സംബന്ധിച്ച തെളിവെടുപ്പ് തീയതി നിശ്ചയിച്ചുള്ള അറിയിപ്പിലാണ് കമീഷൻ വിശദീകരണം.
കരട് സംബന്ധിച്ച് കമീഷന് ലഭിച്ച അഭിപ്രായങ്ങളിൽ അധികവും സോളാർ വൈദ്യുതി ഉൽപാദകർക്കുള്ള നെറ്റ് മീറ്ററിങ് തുടരുമോ എന്നത് സംബന്ധിച്ചാണ്. സോളാർ പ്ലാന്റിന്റെ ശേഷിയോ സ്റ്റോറേജ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നോ കണക്കിലെടുക്കാതെ നിലവിൽ നെറ്റ് മീറ്ററിങ് ഉപയോഗിക്കുന്നവർക്ക് ഈ രീതി തന്നെയാവും ബാധകമാക്കുകയെന്ന് കമീഷൻ വ്യക്തമാക്കി. ഇക്കാര്യം കരട് ചട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ സൗരോർജ ഉൽപാദനവുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമുള്ള ചട്ടഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പ് ഓൺലൈനായി മാത്രമായി കമീഷൻ പരിമിതപ്പെടുത്തി. സോളാർ ഉൽപാദകരുടെ വലിയ പ്രതിഷേധം മുന്നിൽകണ്ടാണ് ഇതെന്നാണ് സൂചന.
സോളാർ വിഷയത്തിൽ മുമ്പ് നടന്ന തെളിവെടുപ്പുകളിൽ ഉൽപാദകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് ഓൺലൈനിൽ തെളിവെടുപ്പിൽ പങ്കെടുക്കാനാവുന്ന വിധത്തിലെ ക്രമീകരണം. സൗരോർജ ഉൽപാദകർക്ക് ഏറെ ലാഭകരമായ ബില്ലിങ് രീതിയാണ് നെറ്റ് മീറ്ററിങ്. ഇതിൽ മാറ്റം വരുത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണുള്ളത്.
എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ പങ്കാളിത്തം കൂടുതലായി ഉറപ്പാക്കുന്നതിനാണ് ജൂലൈ എട്ടു മുതൽ 11 വരെ ഓൺലൈനായി തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നാണ് കമീഷൻ വിശദീകരണം. ഓൺലൈനായി പങ്കെടുക്കുന്നവർ കമീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/re2025/) മുഖേന ജൂലൈ നാലിന് വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം.
തെളിവെടുപ്പിന്റെ തീയതി, സമയം, ലിങ്ക് എന്നിവ രജിസ്ട്രേഷൻ ഫോമിൽ നൽകിയ ഇ-മെയിൽ/വാട്സ്ആപ് മുഖേന അറിയിക്കും. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽവിവരങ്ങൾക്ക്: 0471-2735544, www.erckerala.org.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

