പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ എസ്.ഐക്ക് ആറു വർഷം കഠിനതടവ്
text_fieldsRepresentational Image
തിരുവനന്തപുരം: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ എസ്.ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ (54) ആറ് വർഷം കഠിന തടവിനും 25,000 രൂപ പിഴക്കും തിരുവനന്തുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. പിഴത്തുക കുട്ടിക്ക് നൽകണം. 2019 നവംബർ 26 നാണ് സംഭവം. ബോംബ് ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന പ്രതിക്കെതിരെ കേസെടുത്തതിനാൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാല് രേഖകൾ ഹാജരാക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി.എസ്. സുനീഷ് ബാബു എന്നിവരാണ് കേസന്വേഷിച്ചത്.

